പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
യുദ്ധത്തിന് വിനാശം എന്നു കൂടി അര്‍ത്ഥം നല്‍കാം. മനുഷ്യന് ദുരിതപെയ്ത്തുകള്‍ മാത്രമാണ് യുദ്ധങ്ങള്‍ സമ്മാനിക്കാറുള്ളത്. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ ഹിരോഷിമ , നാഗസാക്കി എന്നി നഗരങ്ങളും വിയറ്റ്നാമിലെ ഒന്‍പത് വയസുകാരി ഫാന്‍ തി കിം ഫുക്കിന്റെ ചിത്രവുമാണ് പലരുടേയും മനസില്‍ ആദ്യം ഓടിയെത്താറുള്ളത്. അമേരിക്കയുടെ ബോംബിങ്ങില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ എരിഞ്ഞു പോയ ശേഷം രണ്ടു കൈകളും ഉയര്‍ത്തി നിസഹായായി ഓടുന്ന വിയറ്റ്നാം പെണ്‍കുട്ടിയുടെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം ഉള്ളുലച്ചതാണ്. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രീതിയില്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് ഇറാനു നേരെ നടത്തുന്ന യുദ്ധത്തില്‍ ഇരകളായി തീരുന്നതും കൂടുതലും കുട്ടികളാണ്. തെക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന മിനാബിലെ ഗേള്‍സ് എലിമെന്ററി സ്‌കൂളിന് നേരെയുണ്ടായ ബോംബിങ്ങില്‍ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളും പുസ്തകങ്ങളും ബാഗുകളും മനുഷ്യത്വമുള്ള ഏതൊരാളെയും കരയിപ്പിക്കും. കുട്ടികള്‍ക്കായി ഒരുക്കിയ കൂട്ടകുഴിമാടങ്ങള്‍ കണ്ട ഞെട്ടലില്‍ നിന്നും ലോകം ഇപ്പോഴും മുക്തരായിട്ടില്ല.
ലോകത്ത് എവിടെ യുദ്ധം നടന്നാലും ക്രൂരത അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ കുട്ടികളും സ്ത്രീകളുമാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ വരെ കൊല്ലപ്പെടാറുണ്ട്. ഗസ്സവംശഹത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 473 ദശലക്ഷം കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷമേഖലകളിലാണ് ഉള്ളതെന്ന് യു.എന്‍ ഏജന്‍സിയായ യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പഠനം മുടങ്ങല്‍, പോഷകാഹാര കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് യുദ്ധങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാറുള്ളത്. പുരുഷന്മാര്‍ ആസൂത്രണം ചെയ്യുന്ന യുദ്ധത്തില്‍ വലിയ രീതിയില്‍ ദുരിതം പേറുന്നവരാണ് സ്ത്രീകളും. വിധവകളായും ബലാത്സംഗത്തിന് ഇരകളായും മാറുന്ന സ്ത്രീകളുടെ ദയനീയ കഥകള്‍ ഓരോ യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണ്.
യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമായിരിക്കും എന്ന ആപ്തവാക്യം ശരിവെക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ കാണുന്നത്. ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പറച്ചില്‍ തന്നെ അതിനുള്ള തെളിവുകളാണ്. 2025 ജൂണില്‍ 12 ദിവസത്തെ ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി തകര്‍ത്തതായും അതിനാല്‍ ലോകം സുരക്ഷിതമാണെന്നും പ്രസ്താവിച്ചതും ഇതേ ട്രംപായിരുന്നു. ഇറാനില്‍ ആണവായുധ നിര്‍മാണപദ്ധതികള്‍ നടക്കുന്നു എന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മേധാവി റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തലും അമേരിക്ക ഇസ്രാഈല്‍ സഖ്യത്തിന്റെ ഇറാന്‍ ആക്രമണവും കൂട്ടി വായിക്കുമ്പോള്‍ ഭരണകൂട അട്ടിമറിയും എണ്ണസമ്പത്തുമാണ് യുദ്ധ ലക്ഷ്യമെന്ന് ബോധ്യമാവും.
അമേരിക്കന്‍ ആധിപത്യത്തിന് വഴങ്ങാത്ത ഇറാഖിലും ലിബിയയിലും വെനസ്വേലയിലും നടത്തിയ അട്ടിമറികള്‍ക്ക് തുല്യമായി നുണകള്‍ നിരത്തിയും ഇസ്രാഈലിനെ കൂട്ടുപിടിച്ചും ഇറാനിലും ട്രംപിന്റെ നേതൃത്വത്തില്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുകയാണ്. യുദ്ധത്തിന്റെ കെടുതികള്‍ പലരൂപത്തില്‍ ലോകത്തെ ബാധിച്ചു തുടങ്ങി. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകമഹായുദ്ധമായി മാറിയ പ്രതീതിയാണ്. മിഡില്‍ ഈസ്റ്റില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവനും തൊഴിലും വ്യാപാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെ ആശങ്കയോടെയാണ് മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടങ്ങളിലേക്ക് മിസൈലും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയില്‍ നിന്ന് ഇറാന്‍ പിന്മാറേണ്ടതുണ്ട്. ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇസ്രാഈലിന് അയിത്തം കല്‍പിക്കുമ്പോള്‍ അവരെ വാരിപുണരുകയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടുള്ള ട്രംപിന്റെ യുദ്ധഭ്രാന്തിന് കുടചൂടുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു വാചകമുണ്ട്. മൂന്നാം ലോകയുദ്ധത്തില്‍ ഏതെല്ലാം ആയുധങ്ങള്‍ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ട്. സര്‍വം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞന്‍ അപ്രകാരം പറഞ്ഞത്. ആയുധനിര്‍മാണ കമ്പനികള്‍ക്ക് കോടികള്‍ ലാഭം കൊയ്യാനും ഭരണവീഴ്ചകള്‍ മറച്ചുവെക്കാനും ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് ഓരോ യുദ്ധങ്ങളും. അംഗവൈകല്യവും മാരകരോഗങ്ങളും അഭയാര്‍ത്ഥി പ്രശ്നങ്ങളും മാനവരാശിക്ക് സമ്മാനിക്കുന്ന യുദ്ധത്തിനെതിരെ ഉറക്കെ ശബ്ദിക്കാന്‍ സമാധാന പ്രേമികള്‍ക്ക് കഴിയണം. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ് സമാധാനം. മരുഭൂമിയില്‍ പെയ്യുന്ന മഞ്ഞുതുള്ളികള്‍ പോലെയാണത്. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മനുഷ്യരക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവാനായി നമുക്ക് കൈകള്‍ ഉയര്‍ത്താം.