main stories

യുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം

By Manya

May 01, 2026

എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്നീ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തി 1886 മെയ് ഒന്നിനു അമേരിക്കയിലെ ചിക്കാഗോവിലും ന്യൂയോര്‍ക്കിലും കാനഡയിലും മറ്റു നഗരങ്ങളിലും തൊഴിലിടം വിട്ടു തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു തൊഴിലാളികളുടെ വന്‍ മുന്നേറ്റങ്ങളും മെയ് 3 ന് ചിക്കാഗോവിലെ മകോര്‍മിക്ക് ഹാര്‍വെസ്റ്റിംഗ് മിഷ്യന്‍ കമ്പനിക്ക് മുന്നില്‍ ചേര്‍ന്ന തൊഴിലാളി യോഗത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ടതും മെയ് 3 ന് ഹേമാര്‍ക്കറ്റില്‍ ഉണ്ടായ പൊലീസ് വെടിവെയ്പിലും ബോംബു സ്‌ഫോടനത്തിലും നാലു തൊഴിലാളികളും ഏഴു പൊലീസുകാരും കൊല ചെയ്യപ്പെട്ടതും പിന്നീട് നടന്ന വിചാരണയില്‍ ഏഴു തൊഴിലാളി നേതാക്കളെ തൂക്കി കൊല്ലാന്‍ തീരുമാനിച്ചതും രണ്ടു പേരൊഴികെ ബാക്കി എല്ലാവരേയും തൂക്കി കൊല്ലാന്‍ തീരുമാനിച്ചതില്‍ തന്നെ കൊല്ലാനുള്ള അധികാരം ഭരണാധികാരികള്‍ക്കില്ലെന്നു പറഞ്ഞു ഒരാള്‍ ആത്മഹത്യ ചെയ്തതും മെയ് ദിന ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളാണ്. പിന്നീട് ലോകത്താകമാനം അലയടിച്ചുയര്‍ന്ന പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി വീണ്ടും ഒരു മെയ് ദിനം കൂടി സമാഗതമായിരിക്കുകയാണ്.

ഒന്നര ആറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന കൂലി അടിമത്ത ചൂഷണ വ്യവസ്ഥക്കെതിരായ പോരാട്ടമായിരുന്നു മെയ്ദിന പോരാട്ടത്തിന്റെ ആത്മാവെങ്കില്‍ വീണ്ടും അത്തരമൊരു കിരാത കാലത്തേക്കുള്ള അതിവേഗ യാത്രയാണ് ലോകത്താകമാനം നടന്നുകൊണ്ടിക്കുന്നത്. ചരിത്രത്തിലെ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചോട്ടത്തില്‍ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളെക്കാള്‍ ഏറെ മുന്‍പന്തിയാണ്. 2025 നവംബര്‍ 21നു 29 തൊഴില്‍ കോഡുകള്‍ ക്രോഡീകരിച്ചു നാല് കോഡുക്കളാക്കി മാറ്റി അവ പ്രാബല്യത്തില്‍ കൊണ്ടുവന്നു. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി സ്വതന്ത്ര്യത്തിനു മുമ്പും പിന്‍പുമായി നിര്‍മിതമായ തൊഴില്‍ നിയമങ്ങളാണ് ഇവര്‍ പിച്ചിചീന്തിയത്. ഇതോട്കൂടി തൊഴിലാളികള്‍ ഇന്നേവരെ നേടിയ അവകാശങ്ങളും നേട്ടങ്ങളും ഇല്ലാതെയാക്കുകയും തൊഴില്‍ മേഖല കോര്‍പറേറ്റുകളുടെയും വന്‍കിട തൊഴില്‍ ഉടമകളുടെയും ചൂഷണത്തിന്റെ മേഖലയാക്കി മാറ്റുകയും ചെയ്തു. ഈയിടെ നോയിഡയില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ സ്വീകരിച്ച കിരാതമായ നടപടികളും ടി.സി.എസ് പോലുള്ള സ്ഥാപനങ്ങളില്‍ നടന്നുവരുന്ന കൂട്ടപിരിച്ചുവിടലിന്റെയും പിന്‍ബലം പുതിയ തൊഴില്‍ കോഡുകളാണ്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിച്ചു നിശ്ചിത കാല തൊഴില്‍ നിയമനം നടപ്പിലായതോടെ തൊഴിലവകാശങ്ങള്‍ മുന്‍കാല അനുഭവം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, പത്രമാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കുള്ള കോര്‍പറേറ്റ് കടന്നുകയറ്റവും അനിയന്ത്രിതമായ യന്ത്രവല്‍കരണവും തൊഴില്‍ മേഖലയില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്.

സമ്പത്ത് ഉത്പാദിപ്പിക്കുകയും നാടിനെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ജനസംഖ്യയില്‍ മഹാഭൂരി ഭാഗം വരുന്ന തൊഴിലാളികളെ പൂര്‍ണ്ണമായും വഴിയാധാരമാക്കുന്ന നടപടികളാണിതെല്ലാം. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അകത്തും പുറത്തുമുള്ള ഒരുപിടി സമ്പന്നര്‍ക്ക് പതിച്ചുനല്‍കി കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് നടപടികളില്‍ ഒന്നു മാത്രമാണിത്. ലോകത്ത് മിക്ക രാജ്യങ്ങളിലും നടന്നുവരുന്ന ഭരണ പരിഷ്‌കാരങ്ങളും ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളാണ്.

ഇന്ത്യന്‍ സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. പട്ടിണി രാജ്യങ്ങളില്‍ ബംഗ്ലാദേശിന്റെയും പാക്കിസ്താന്റെയും മുന്നിലാണ് ഇന്ത്യ. വളര്‍ച്ച നിരക്ക് പിറകോട്ടാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിന്നാക്ക ന്യൂനപക്ഷ സമുദായ പീഢനങ്ങളും കടന്നാക്രമണങ്ങളും നിത്യസംഭവമായിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കോ ഫെഡറലിസത്തിനോ ഒട്ടും വില കല്‍പിക്കാത്ത ഒരു സര്‍ക്കാരിന്റെ കാലത്താണ് നാം ജീവിക്കുന്നത്. കിട്ടുന്ന ഓരോ അവസരങ്ങളും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാണ് വിനിയോഗിക്കുന്നത്. സ്ത്രീ സംവരണത്തെ മറയാക്കി ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പിന്നിലും ഈ ഒളി അജണ്ട പതിയിരുപ്പുണ്ടായിരുന്നു. രാജ്യസഭാ അംഗങ്ങളെ കൂട്ടായി കൂറുമാറ്റുന്നതും ഇതിനെല്ലാം വേണ്ടിയാണ്. ഇതിനെല്ലാം പുറമെ സാമ്രാജ്യത്വ ശക്തികളോടുള്ള മോദി ഭരണത്തിന്റെ വിധേയത്വം അപമാനകരമായ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. വാണിജ്യ ചുങ്കത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ മുന്നില്‍ ഇന്ത്യ നാണം കെട്ടുനിന്നത് കണ്ടതാണ്. ഇറാനെതിരായി അമേരിക്കയും ഇസ്രാഈലും നടത്തികൊണ്ടിരിക്കുന്ന നീതീകരണമില്ലാത്ത യുദ്ധത്തിലും ഫലസ്തീനും ഗസ്സക്കും ലെബനനുമെതിരെ ഇസ്രാഈല്‍ നടത്തിവരുന്ന കടന്നാക്രമണത്തിലും മോദി സര്‍ക്കാരിന്റെ മൗനം അപലപനീയമാണു. സാമ്രാജ്യത്വവും യുദ്ധവും സയാമീസ് ഇരട്ടകളാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് യുദ്ധമില്ലാതെ ഉറക്കം വരില്ല.

ലോകത്തിലെ മഹാഭൂരിഭാഗം ജനങ്ങളെയും യുദ്ധത്തിലേക്കും ഉറക്കമില്ലാത്ത കാലത്തേക്കും തള്ളിവിട്ട് അമേരിക്ക ഉറങ്ങാന്‍ ശ്രമിക്കുകയാണ്. രണ്ടു മാസത്തോളം നീണ്ടുനിന്ന ഈ യുദ്ധം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ഉറക്കമാണ് കെടുത്തിരിക്കുന്നത്. ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊന്നടുക്കുന്ന വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന യുദ്ധം ഒന്നിനും പരിഹാരമല്ല, ആയുധ കച്ചവടത്തിനല്ലാതെ. യുദ്ധം കൊണ്ടു പൊറുതിമുട്ടുന്നത് ഏതെങ്കിലും ഒരു കൂട്ടരല്ല എല്ലാവരുമാണ്. യുദ്ധത്തിനെതിരെ സമാധാനത്തിനായി നമുക്കൊരുമിച്ചു പ്രതിജ്ഞ ചെയ്യാം.