മോസ്‌കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്‍ ജര്‍മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക് ജര്‍മനിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്ത് തങ്ങളെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷുകാരുടെ വാദം.

കളിയില്‍ തങ്ങള്‍ക്ക് അര്‍ഹിച്ച ഒരു പെനാല്‍റ്റി റഫറി നിഷ്‌കരുണം തള്ളിയെന്നും വീഡിയോ അസിസ്റ്റന്റ് റഫറിങ്(വി.എ.ആര്‍)പോലുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നിര്‍ണായക മത്സരത്തില്‍ ഇത്തരം സംശയകരമായ സാഹചര്യത്തില്‍ വി.എ.ആറിന്റെ സഹായം പോലും സ്വീകരിക്കാതെ റഫറി ജര്‍മനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു എന്നുമാണ് സ്വീഡന്റെ ആരോപണം.

കളിയുടെ 12ാം മിനുട്ടിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കീപ്പര്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ജര്‍മനി പ്രതിരോധ താരം ജെറോം ബോട്ടെങ് പിന്നില്‍ നിന്നു വീഴ്ത്തി. എന്നാല്‍ ഏറെ പിന്നിലായിരുന്ന റഫറി ഫൗള്‍ അനുവദിക്കാതെ കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലൈന്‍്മാനും കൃത്യമായി കാണാന്‍ സാധിക്കാത്ത കോണിലായിരുന്നു സംഭവം. പെനാല്‍റ്റിക്കായി സ്വീഡിഷ് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ വി.എ.ആറിന്റെ സഹായം റഫറിമാര്‍ സ്വീകരിക്കാറാണ് പതിവ് എന്നാല്‍ റഫറി സൈമണ്‍ അതിനു തയ്യാറായില്ല.

 

ടി.വി റീപ്ലേയില്‍ ബോട്ടെങ് ബെര്‍ഗിനെ ഗുരുതരമായി ഫൗള്‍ ചെയ്തതാണെന്ന് വ്യക്തമായി. ഫിഫയുടെ നിയമപ്രകാരം ഗോള്‍സാധ്യതയുള്ള ഇത്തരം നീക്കത്തില്‍ ഫൗള്‍ ചെയ്ത കളിക്കാരന് മഞ്ഞക്കാര്‍ഡും ഫൗള്‍ വഴങ്ങിയ ടീമിന് പെനാല്‍റ്റിയും ലഭിക്കും. എന്നാല്‍ റഫറിക്ക് നേരിട്ടു കാണാന്‍ സാധിക്കാത്തതിന്റെ പേരില്‍ അര്‍ഹിച്ച ഒരു പെനാല്‍റ്റി സ്വീഡന് നഷ്ടമാവുകയായിരുന്നു. കൃത്യമായി കാണാത്ത സാഹചര്യത്തില്‍ റഫറിക്ക് വി.എ.ആറിന്റെ സഹായം തേടാമായിരുന്നു. എന്നാല്‍ അദ്ദേഹം അതു സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ ബ്രസീല്‍-കോസ്റ്ററിക്ക മത്സരത്തില്‍ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നു. നെയ്മറിനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി ആദ്യം പെനാല്‍റ്റി വിധിച്ചെങ്കിലും പിന്നീട് വി.എ.ആറിന്റെ സഹായത്തോടെ വിധി റദ്ദാക്കുകയായിരുന്നു.

 

സ്വീഡനെതിരെ മത്സരത്തില്‍ തോറ്റാല്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താകുമെന്ന സാഹചര്യത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനുട്ടിലെ ഗോളടക്കം രണ്ടെണ്ണം മടക്കിയാണ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ജര്‍മനി നിലനിര്‍ത്തിയത്. അതേസമയം അര്‍ഹിച്ച പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ ജയിച്ചു കയറാമായിരുന്നുവെന്ന വിലയിരുത്തലിലാണ് സ്വീഡന്‍.