കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ്, ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് വസീഫ് ചോദിച്ചത്.
വെട്ടുന്നതും കൊല്ലുന്നതും ഡി.വൈ.എഫ്.ഐക്ക് വിനോദമാണെന്നും എന്നാല്‍ ആ പഴയ ഓര്‍മ്മയില്‍ പ്രതിപക്ഷ നേതാവിനെ തൊടാന്‍ നോക്കേണ്ടെന്നും ജിന്റോ ജോണ്‍ മറുപടി നല്‍കി. ടി.പി. ചന്ദ്രശേഖരന്‍, കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ജിന്റോ ജോണ്‍ വിമര്‍ശിച്ചു.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാല്‍ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങള്‍ക്ക് ഒരു വിനോദമാണെങ്കിലും ആ മുന്‍കാല ഓര്‍മ്മകളുടെ ബലത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജന്‍ തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങള്‍. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികള്‍ക്ക് ഉളുക്ക് വരുത്തേണ്ടല്ലോ. ദൃശ്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ കൊന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളന്‍ പിണറായിക്ക് പാദസേവ ചെയ്യാന്‍ നോക്ക്… പിണറായി പാദസേവയുടെ തിരക്കില്‍ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട.