kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും , അവസാനം തുറന്നത് 2022ല്‍

By webdesk17

June 27, 2025

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടില്‍ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.