ന്യൂയോര്‍ക്ക്: സൂര്യനോട് അഭിമുഖമായുള്ള ചന്ദ്രന്റെ പ്രതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍. ഇത് ആദ്യമായാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുന്നത്. നാസയുടെ സോഫിയ (സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് ആസ്‌ട്രോണമി) നിരീക്ഷണാലയമാണ് ചരിത്രപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. പറക്കുന്ന ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ചാണ് സോഫിയ വരുംഭാവിയില്‍ ചന്ദ്രനില്‍ കുടിയേറാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ക്ക് വേഗം പകരുന്ന കണ്ടെത്തല്‍ നടത്തിയത്.

‘എച്ച് ടു ഒ (വെള്ളം) സൂര്യപ്രകാശം തട്ടുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ ഉണ്ട് എന്നതായിരുന്നു നമുക്കു കിട്ടിയിരുന്ന സൂചനകള്‍. ഇപ്പോള്‍ വെള്ളം അവിടെയുണ്ട് എന്ന് നമ്മള്‍ അറിയുന്നു’ – എന്നാണ് നാസയിലെ ആസ്‌ട്രോ ഫിസിക്‌സ് ഡിവിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞത്.

നേച്ചര്‍ ആസ്‌ട്രോണമി ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നാസ പ്രസിദ്ധീകരിച്ചത്. തണുത്തുറഞ്ഞ ജലം മാത്രമല്ല, വെള്ളത്തിന്റെ തന്മാത്രകള്‍ -ഐസ് അല്ല- ഉണ്ട് എന്നാണ് സോഫിയ കണ്ടെത്തിയിട്ടുള്ളത്. ആദ്യമായാണ് ജലതന്മാത്ര കണ്ടെത്തുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന നാസയുടെ ഗൊദാര്‍ദ് സ്‌പേസ് സെന്ററിലെ ഡോക്ടര്‍ കാസി ഹൊണിബാല്‍ പറയുന്നു.

അഭൗമഗോളങ്ങളില്‍ ജീവ സാന്നിധ്യമുണ്ടോ എന്ന ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങള്‍ക്ക് ആഹ്ലാദം പകരുന്ന കണ്ടെത്തലാണിത്. ചന്ദ്രനില്‍ താമസസൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി നിരവധി രാഷ്ട്രങ്ങളാണ് മുമ്പോട്ടു പോകുന്നത്. ചന്ദ്രനില്‍ നിന്നു തന്നെ ജലവും അതിലെ ഹൈഡ്രജനില്‍ നിന്ന് ഇന്ധനവും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയിലെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ക്ക് ചെലവു കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ, ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് ഇന്ത്യയുടെ ചാന്ദ്രയാന്‍ 1 ചില സൂചനകള്‍ നല്‍കിയിരുന്നു.