തൃശൂര്‍: തുലാമഴയ്ക്ക് പിന്നാലെ ചാത്തന്‍ചാല്‍ പാടശേഖരത്തില്‍ വീണ്ടും വെള്ളക്കെട്ട്. നൂറുകണക്കിന് ഏക്കര്‍ പാടങ്ങള്‍ കൃഷിയോഗ്യമാകാതെ കര്‍ഷകര്‍ ആശങ്കയില്‍. ഒരൊറ്റ മഴയിലും വല്‍ തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്ത് വെള്ളം ഒലിച്ചുപോകാന്‍ നാല് മുതല്‍ പത്ത് ദിവസം വരെ എടുക്കുന്നതായണ് കര്‍ഷകര്‍ പറയുന്നത്. അതിനു മുന്‍പേ വീണ്ടും മഴ പെയ്യുന്നത് സ്ഥിതിയെ കൂടുതല്‍ ദുസ്സഹമാക്കുന്നു. കൊരട്ടിച്ചാലില്‍ നിന്നും, ത്രിവേണി ഭാഗത്ത് നിന്നും, പാമ്പൂത്തറ ഭാഗത്തുനിന്നുമായി ഒഴുകിയെത്തുന്ന വെള്ളമാണ് ചാത്തന്‍ചാല്‍ പാടശേഖരത്തില്‍ കെട്ടിനില്‍ക്കുന്നത്. ഈ വെള്ളം ചാലക്കുടിപ്പുഴയിലേക്കു ഒഴുകിപോകാനുള്ള ഏക മാര്‍ഗ്ഗം ചാത്തന്‍ചാല്‍ തൊടിയാണ്. എന്നാല്‍ ചാത്തന്‍ചാലിന്റെ വികസനപദ്ധതിയുടെ ( ₹ 7.25 കോടി ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാതിരുന്നത് വെള്ളക്കെട്ട് ഒഴിവാക്കുന്നതില്‍ തടസമായി. ചാത്തന്‍ചാലില്‍ തോട് നവീകരണം നടപ്പാകാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12-നകം ഞാറുനടീല്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇത്തവണ വെള്ളക്കെട്ട് കാരണം വിത്തിടല്‍ പോലും വൈകിയിരിക്കുകയാണ്. ഒറ്റ ഞാറുനടീല്‍ യന്ത്രത്തിന് 1500 വരെ വാടകയുണ്ടെങ്കിലും പാടം ഉണങ്ങാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനാകുന്നില്ല. വൈക്കോല്‍ നശിച്ചുകിടക്കുകയും ചെയ്തു. ചാത്തന്‍ചാല്‍ പാടശേഖരത്തില്‍ ഒറ്റ പൂവ് കൃഷി മാത്രമേ സാധ്യമാകുന്നൊള്ളു. വെള്ളക്കെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് എം.ആര്‍. ഡേവീസ്, സെക്രട്ടറി വി.എല്‍. സണ്ണി ആവശ്യപ്പെട്ടു.