kerala

യഥാസമയം ബിൽ അടച്ചില്ലെങ്കിൽ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി

By webdesk15

July 14, 2023

വാട്ടര്‍ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം, ചില ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും യഥാസമയം ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കപ്പെടുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശികയ്ക്കു പുറമെ പിഴ കൂടി അടച്ചാല്‍ മാത്രമേ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയൂ. ബില്‍ തുക അടയ്ക്കാതിരുന്നാൽ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചു പോവുകയും പദ്ധതിക്കായി ചെലവഴിച്ച വൻതുക പാഴാവുകയും ചെയ്യും. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍നിന്നു തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.