kerala

വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

By webdesk17

December 22, 2024

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്തവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കിക്കാന്‍ ആവില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.