കല്‍പറ്റ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ആണ് മരിച്ചത്. സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്. ടാപ്പിങ് തൊഴിലാളിയാണ് സന്തോഷ്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. രണ്ടാഴ്ച മുന്‍പാണ് സന്തോഷ് വയനാട്ടിലെത്തിയത്. കോണിച്ചിറ പൂതാടി ചെറുകുന്നിലായിരുന്നു സംഭവം. ടാപ്പിങ് തൊഴില്‍ അവസാനിപ്പിച്ച നാട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായതായിരുന്നു സന്തോഷ്. തിരിച്ചുപോകുന്നതിന് മുമ്പ് സന്തോഷ് വാടകക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയായിരുന്നു.

വാക്കേറ്റത്തിനൊടുവില്‍ രതീഷ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് രതീഷ് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.