കല്‍പ്പറ്റ: ദിവസങ്ങളായി തുടരുന്ന തുള്ളിമുറിയാത്ത മഴയില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത കാലങ്ങളില്‍ ജില്ലയില്‍ പെയ്ത ഏറ്റവും ശക്തി കൂടിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. ഈങ്ങാപ്പുഴയിലും പരിസരത്തും റോഡില്‍ വെള്ളം കയറിയതോടെ കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി.

ഹെക്ടറ് കണക്കിന് നെല്‍കൃഷിയും മറ്റ് കൃഷികളും പൂര്‍ണ്ണമായും നശിച്ചു. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനി, കുനിയില്‍ ലക്ഷം വീട് കോളനി, മുട്ടില്‍ നെന്മേനി കോളനി, പുല്‍പ്പള്ളി പാളകൊല്ലി കോളനി തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഇതോടെ ഇവിടങ്ങളിലെ വീടുകളിലുള്ളവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണഅടി വന്നു. പാല്‍ച്ചുരം ദേവാലയത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ പലയിടത്തും വെള്ളപ്പൊക്കം കയറിയതോടെ ഗതാഗതം താറുമാറായി.

കനത്ത മഴയില്‍ തൃക്കൈപ്പറ്റ വെള്ളിത്തോട് ചോപ്പോട്ട്ക്കുന്നു പുഴയരികില്‍ താമസിക്കുന്ന 12 ഓളം വീടുകളില്‍ വെള്ളം കയറി. തരിയോട് കാവുംമന്ദം പൊയില്‍ കോളനിയിലെ 25 ഓളം വീടുകളില്‍ വെള്ളം ഉയര്‍ന്നു. കാവും മന്ദംകര്‍ളാട് റോഡ് വെള്ളത്തിനടിയിലായി. മക്കിയാടിനടുത്ത് ചീപ്പാട് റോഡില്‍ വെള്ളം കയറി ഗതാഗതം താറുമാറായി. മുട്ടില്‍ നെന്മേനിയില്‍ വെള്ളം കയറി. ഇവിടത്തെ 42 കുടുംബങ്ങള്‍ ഒറ്റപ്പെടല്‍ ഭീഷണിയിലാണ്. പുല്‍പ്പള്ളി പാളകൊല്ലി കോളനിയില്‍ വെള്ളം കയറി.

പുനരധിവാസ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 25ഓളം ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറാതെ കോളനിയില്‍ തന്നെ കഴിഞ്ഞത് സംഘര്‍ഷത്തിന് കാരമമായി. പൊഴുതനയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വെള്ളം കയറി. മീന്‍ചാല്‍ ഭാഗത്ത് വെള്ളം കയറി അമ്പതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇടിയം വയല്‍, നരിമട ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. പത്താംനമ്പര്‍, കൈപ്പട്ടി, മയിലമ്പാത്തി, അച്ചൂര്‍, ആനോത്ത്, പൊഴുതന ടൗണിന്റെ താഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി.