india

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

By webdesk17

November 14, 2024

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.