മാനന്തവാടി: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപാതകക്കേസില്‍ പ്രതി കുടുങ്ങിയത് പൊലീസിന്റെ നിര്‍ണായക തെളിവില്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍ ഉപയോഗം.
കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (42)യും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊല നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച കമ്പി വീടിന് മുമ്പിലുള്ള കമുകിന്‍ തോട്ടത്തില്‍ വിശ്വനാഥന്‍ കണ്ടെടുത്തു. പ്രതിയെയും കൊണ്ട് പൊലീസ് എത്തുന്നതറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രദേശവാസികള്‍ ആശ്വാസത്തിലായിരിക്കുകയാണ്.

പ്രമാദമായ കൊലപാതകകേസില്‍ പ്രതി കുടുങ്ങിയത് ഒന്നര മിനുട്ട് നേരത്തെ മൊബൈല്‍ ഉപയോഗം. നവദമ്പതികളുടെ കൊലപാതകത്തെ തുടര്‍ന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതിയുടെ ഭാര്യ ഒന്നര മിനുട്ട് നേരം ഉപയോഗിച്ചതാണ് പൊലീസിന് കൊലയാളിയിലേക്ക് വഴി കാണിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ലായിരിന്നുവെങ്കില്‍ പ്രതി ഇപ്പോഴും മറക്ക് പുറത്ത് തന്നെ ആകുമായിരുന്നു.

ഫാത്തിമ അണിഞ്ഞ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചതിന് പുറമെ ഫാത്തിമയുടെ മൊബൈല്‍ ഫോണും പ്രതിയായ തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ മോഷ്ടിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു.
അതിനിടെ കൊലപാതക കേസ്സില്‍ പിടിയിലായ നിരവധി കളവ് കേസ്സിലെ പ്രതി തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വന്‍ എന്ന വിശ്വനാഥനേയും പോലീസ് നേരത്തേ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് വിശ്വനാഥന്‍ പോലീസ് നിരീക്ഷണത്തിലുമായിരുന്നു.

മോഷണം പോയ മൊബൈല്‍ സ്വിച്ച് ഓണ്‍ ആകുന്നുണ്ടോ എന്നറിയാന്‍ 24 മണിക്കൂറും നിരീക്ഷണത്തിലായിരുന്നു പോലീസ്. ഫാത്തിമ ഉപയോഗിച്ച സാംസങ്ങ് ഫോണാണ് മോഷണം പോയത്. ഈ ഫോണില്‍ സിമ്മിട്ട് വിശ്വനാഥന്റെ ഭാര്യ മഹിജഒന്നര മിനുട്ട് നേരം ഉപയോഗിച്ചതോടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതിനിടെ സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രങ്ങള്‍ തൊട്ടില്‍ പാലം കാവിലുംപാറയിലെ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇതിന് പുറമെ പ്രതിമോഷ്ടിച്ച ഫാത്തിമയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റ്യാടിയിലെ ഒരു സ്വര്‍ണ്ണാഭരണപണിക്കാരന് വില്‍പ്പന നടത്തിയിരുന്നു. ആ ഭരണങ്ങള്‍ ഉരുക്കി കട്ടിയാക്കിയതിനാല്‍ 64.080 ഗ്രാം സ്വര്‍ണ്ണവും നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.