Connect with us

Health

വയനാട് ദുരന്തം: ദുരിതബാധിതർക്ക് 4 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ

• വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് സൗജന്യചികിത്സ

Published

on

കൊച്ചി, ആഗസ്റ്റ് 01, 2024: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഉരുൾപ്പൊട്ടലുണ്ടായ ചൊവ്വാഴ്ച പുലർച്ചെ വാർത്തയറിഞ്ഞയുടൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും അടിയന്തരസാഹചര്യം നേരിടാൻ സജ്ജമായിരുന്നു. അധികം വൈകാതെ പരിക്കേറ്റയാളുകളെയും കൊണ്ട് രക്ഷാപ്രവർത്തകർ വിംസിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിത്തുടങ്ങി. ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതിൽ 62 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 7 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ചാണ് മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും അധികനേഴ്സുമാരെ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറൻസിക് സർജന്മാരെയും ആസ്റ്റർ വിംസിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ദ്രുതഗതിയിൽ ലഭ്യമാക്കിയത് ഏറെ സഹായകരമായി.

കേരളത്തിലെ വിവിധ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാഴ്ച രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം അടിയന്തര വൈദ്യസഹായത്തിനായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. പ്രദേശത്ത് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് സഹകരിക്കുന്നത്.

ഇതിനിടെ ചില ആസ്റ്റർ ജീവനക്കാരെ കാണാതായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വ്യക്തമാക്കി.
ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ ആസ്റ്റർ സംഘത്തിനും അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാൻ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തരവൈദ്യസഹായത്തിന് വയനാട് ജില്ലയിലുള്ളവർക്ക് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending