Culture

വയനാട്ടിലെ യാത്രാ നിരോധനം; സമരം പത്താം ദിവസത്തിലേക്ക്, രാഹുല്‍ ഗാന്ധി ഇന്നു പങ്കെടുക്കും

By web desk 1

October 04, 2019

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ സമരവേദിയിലെത്തും. തുടര്‍ന്ന് രു മണിക്കൂറോളം നേരം അവരോടൊപ്പം ചെലവഴിക്കും. സമരത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക് ഏതു വിധത്തിലായിരിക്കുമെന്നതിനെ കുറിച്ച് രാഹുലുള്ള വേദിയില്‍ വെച്ച് സമരക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്താം ദിവസത്തിലേക്ക് കടന്നതോടെ സമരത്തില്‍ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില വളരെ വഷളായിരിക്കുകയാണ്. അതേ സമയം ഇന്ന് കലക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഇന്നലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നൂറുകണക്കിനുപേര്‍ സമരപന്തലിലേക്കെത്തിയിരുന്നു. നാട്ടുകാരടക്കം നിരവധി പേര്‍ ഉപവാസമിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ളയും ഇന്നലെ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 14 നു തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന നേതാക്കളെ സമരപന്തലിലെത്തിച്ച് സമരത്തിന് പിന്തുണ വിപുലമാക്കാനാണ് ശ്രമം. കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.