kerala

നമ്മളും കുറ്റക്കാരാണ്

By webdesk17

October 28, 2025

പി.ഇസ്മായില്‍

ഗസ്സക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ശബ്ദം നേര്‍ത്തുപോകുന്നുവോ ?

യുദ്ധത്തെ കുറിച്ചു വായിച്ചറിയുകയും ടെലിവിഷനുകളിലെയും ചാനലുകളിലെയും ദൃശ്യങ്ങള്‍ കാണുകയും മാത്രം ചെയ്തിട്ടുള്ള നമുക്ക് യുദ്ധം വെച്ചുനിട്ടുന്ന നഷ്ടവും വേദനയും വേര്‍പാടുമെല്ലാം വളരെ അന്യമായ ഒരു ‘ഷോ’ മാത്രമാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മളെ സംബന്ധിച്ച് കെട്ടുകഥകളാണ്. അത് കൊണ്ടാണ് മറ്റുള്ളവരുടെ വേദന നമ്മുടെ വേദന അല്ലാതായി മാറുന്നത്. യുദ്ധം ഗസ്സയിലാണെങ്കിലും യുക്രയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രിയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത്. എന്ന തിരിച്ചറിവ് ഇല്ലാതെ പോവുവെന്നത് ഏറെ നിര്‍ഭാഗ്യകരമാണ്.

ഫലസ്തീനിലെ യുദ്ധത്തിന് പിന്നില്‍ ഒരു വലിയ ചരിത്രമുണ്ട്. അതിന്റെ പശ്ചാത്തലവും രാഷ്ട്രീയവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ യുദ്ധം ഒന്നിനും സമാധാനമാവുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ലോകം ഒരുപാട് പുരോഗതിയിലുടെ, വളര്‍ച്ചയിലൂടെ അറിവിലൂടെ മുന്നേറുമ്പോഴും മനുഷ്യ മനസുകള്‍ മാത്രം മാറ്റങ്ങളില്ലാതെ അതിനിഗൂഢമാവുകയും സ്വന്തം നിലനില്‍പ്പിനായി സ്വന്തം സമുഹം, സ്വന്തം ജാതി, സ്വന്തം വര്‍ഗം, സ്വന്തം നാട് എന്ന അതിരുകള്‍ക്കുള്ളില്‍ വിക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. ലോക തലത്തില്‍ വര്‍ഗിയതയും ആധിപത്യങ്ങളും ഉണ്ടായ ഘട്ടങ്ങളിലെല്ലാം അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ദൈവദൂതന്‍മാര്‍ പ്രത്യക്ഷപ്പെട്ടിരുന്നിരുന്നുവെന്നാണ് ചരിത്രം നമ്മളോട് സംസാരിക്കുന്നത്.

പക്ഷേ ഇന്ന് ഗസ്റ്റയിലെ അനീതിയോട് വലിയ അകലത്തില്‍ ഇരിക്കുന്ന നമുക്കിടയിലെ ചെറിയ ശബ്ദങ്ങള്‍ പോലും ഉച്ചത്തിലാക്കാന്‍ കഴിയുന്നില്ല. ഭയമാണ് അതിന് കാരണം.ഭരണകൂടങ്ങളോടുള്ള ഭയം, നിലനില്‍പ്പിനോടുള്ള ഭയം സ്വന്തത്തോടുള്ള ഭയം. ആ ഭയങ്ങള്‍ കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാവുന്നത്. ഞാനുള്‍പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യകുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശനം. ഗള്‍ഫില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാ ദാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു.

നാഷണല്‍ വാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്. ഞാന്‍ മറുപടിയായി പറഞ്ഞു.എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ടീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

വിശപ്പും ദാഹവും ഒറ്റപ്പെടലുകളും ആവിഷ്‌ക്കരിച്ച ആടുജീവിതത്തിന്റെ സംവിധായകള്‍ എന്ന നിലയില്‍ സമാന സാഹചര്യത്തില്‍ കഴിയുന്ന ഗസ്സയിലെ കുട്ടികളുടെ തീരാദുരിതത്തെ കുറിച്ചുള്ള ആകുലതകള്‍.?

കുഞ്ഞുങ്ങളെ കുറിച്ച് എന്തിന് സംസാരിക്കുന്നു എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. എല്ലാ മനുഷ്യരും കുഞ്ഞായി ജനിച്ച് ബാല്യത്തിലൂടെ കടന്നുവന്നവരാണ്. മതവും ജാതിയും രാഷ്ട്രീയവുമെല്ലാം അവനിലേക്ക് വരുന്നത് വളര്‍ച്ചയുടെ പ്രതൃകഘട്ടത്തില്‍ മാത്രമാണ്. അതുവരെയും അവന്‍ ഏത് മതത്തിലും ജാതിയില്‍ പെട്ടവനാണെങ്കില്‍ പോലും അവന്റെയുള്ളില്‍ അതൊന്നും അറിയാതെ നിഷ്‌കളങ്കമായി എല്ലാവരെയും ഒരേ പോലെ കാണുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് കടന്നുപോവുന്നത്. അങ്ങിനെയുള്ള പിഞ്ചുമനസ്സുകളുടെ നിലക്കാത്ത ആര്‍ത്തനാദങ്ങളാണ് രണ്ടു വര്‍ഷമായി ഗസ്സയില്‍ നിന്നും കേള്‍ക്കുന്നത്.

കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ തെരുവുകളില്‍ മുഴങ്ങി കേട്ടപ്പോള്‍ ആരുടെ നെഞ്ചൊക്കെ പിടഞ്ഞു, ആര്‍ക്കൊക്കെ നെഞ്ചുനുള്ളില്‍ കനല്‍ കത്തി എന്നുള്ളത് ഒരു ചോദ്യമാണ്. വളരെ ഉച്ചത്തിലുള്ള നിലവിളിയില്‍ എത്ര ഉച്ചത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവെന്നതും നാം ഓരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ടതുണ്ട്. വെടിനിര്‍ത്തലുകള്‍ പലപ്രാവശ്യമുണ്ടായതിന് ശേഷവും നാം പാലിക്കുന്ന നിശബ്ദത മൂലമാണ് കൊലകള്‍ തുടരുന്നത്.

ആടുജീവിതം സിനിമയിലെ യുദ്ധവിരുദ്ധ ധാനത്തിന്റെ പിറവിക്ക് പിന്നിലെ ആലോചനകള്‍

2024 ല്‍ പുറത്തിറങ്ങിയ ആടുജീവിതം സിനിമയുടെ പ്രമോഷന്‍ വീഡിയോയെ കുറിച്ച് ചിന്തിച്ചപ്പോള്‍ എ ആര്‍ റഹ്‌മാനുമായി ജീവിതത്തെ പ്രതീക്ഷയോടെ കാണാന്‍ കഴിയുന്ന ഒരു പാട്ടിനെ കുറിചുള്ള ആലോചനകള്‍ പങ്കുവെച്ചു. അത് സിനിമയില്‍ ഉള്‍പ്പെടുത്തണമെന്നും വിചാരിച്ചി രുന്നു. അവിടെ നിന്നും മാറി ‘ഹോപ്പ്’ എന്ന സോങ്ങില്‍ എത്തുകയുണ്ടായി. ഇതിനകം ലക്ഷങ്ങളാണ് ഇത് കണ്ടു കഴിഞ്ഞത്. പാട്ടില്‍ സംഗീതമൊക്കെ വരുന്നതിന് മുമ്പ് വലിയൊരു ദൃശ്യമുണ്ട്. ഒരു കുഞ്ഞും പാട്ടുകാരനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുന്ന കഥയാണത്. വലിയൊരു യുദ്ധക്കളത്തില്‍ നിന്ന് ഓടിയൊളിച്ച് യുദ്ധം അരുതെന്ന് അറബിയിലെഴുതിയ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന കുഞ്ഞിനെ രക്ഷപെടുത്തി കൊണ്ട് വരുന്ന ഈ രംഗം ആവിഷ്‌കരിക്കുമ്പോള്‍ എന്റെ മനസ്സ് ഫലസ്തിനൊപ്പമോ യുക്രയ്‌നൊപ്പമോ എന്നതായിരുന്നില്ല മറിച്ച് യുദ്ധത്തില്‍ നഷ്ടപെടുന്ന ജീവിതങ്ങള്‍ക്കൊപ്പമാണ് അന്നും ഇന്നും എന്നും.

നസ്സക്ക് അനുകൂലമായുള്ള ചിന്തകള്‍ രൂപപ്പെടുത്തതില്‍ സ്വാധീനം ചെലുത്തിയ സിനിമകള്‍

ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയ സിനിമയാണ് ‘ ദി വോയ്സ് ഓഫ് ഹി ദ് റജബ്’. ഇസ്രാഈല്‍ ആക്രമണത്തില്‍ നിന്നും രക്ഷതേടി കുടുംബങ്ങള്‍ക്കൊപ്പം പലായനം ചെയ്ത ആറുവയസ്സുകാരി ഹിറജബിന്റെ കഥയാണ് സിനിമയുടെ ഉ ള്ളടക്കം. ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു. കുഞ്ഞുങ്ങളടക്കം മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. തന്റെ ജീവന്‍ രക്ഷപെടുത്താനായി മാതാവിനോടും റെഡ്ക്രോസ് അധികൃതരോടും ഹിന്ദ് ഫോണില്‍ സംസാരിക്കുന്നു. രക്ഷപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അവസാനമായി ഹിന്ദ് സംസാരിച്ച വാക്കുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ശബ്ദം ഉള്‍പ്പെട്ട സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പ്രേക്ഷകരുടെ കയ്യടി ഇരുപത്തിമൂന്ന് മിനുട്ട്‌വരെയാണ് നീണ്ടത്. ഇങ്ങിനെയുള്ള സിനിമകള്‍ ഫലസ്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തെ ബോധിപ്പിക്കാന്‍ സഹായിക്കും. ഇരുട്ടിന്റെ നിശബ്ദതയില്‍ നിന്നുള്ള പ്രകീര്‍ത്തനങ്ങളെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് ഉച്ചത്തില്‍ സംസാരിക്കാനോ കയ്യടിക്കാനോ നിലവിളിക്കാനോ കുവാനോ പ്രതിഷേധിക്കാനോ കഴിയാതന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കൂടി കഴിയേണ്ടതുണ്ട്.

ഇസ്രാഈല്‍ ഫിലിം കള്‍ച്ചറല്‍ ഫെസ്റ്റിലേക്കുള്ള ക്ഷണം നിരസിച്ചു കൊണ്ടുള്ള രാഷ്ട്രീയ ബോധ്യത്തിനു പിന്നില്‍

വരുന്ന ഡിസംബര്‍ മാസത്തില്‍ ഇസ്രാഈലില്‍ വെച്ച് നടക്കുന്ന ഫിലിം കള്‍ച്ചര്‍ ഫെസ്റ്റ് വെലലില്‍ പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡല്‍ഹിയിലെ ഇസ്രാഈല്‍ എംബസ്സി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയില്‍ നിന്നും പത്തോളം പേര്‍ക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മന സ്റ്റിലാക്കുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാല്‍ തന്നെ എംബസി അധികൃതരോട് താല്‍പര്യകുറവ് അറിയിച്ചു. പ്രധിനിധികള്‍ക്കായി അയച്ച ബയോഡാറ്റ വിശദിക രണത്തില്‍ ഫലസ്തീന്‍, പാക്കിസ്താന്‍, ടര്‍ക്കി,അല്‍ജീറിയ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്.