ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷ് കൊലവിളി പ്രസംഗം നടത്തി. മുസ്‍ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.
ഫറോക്ക് മുനിസിപ്പാലിറ്റി 39-ാം വാർഡിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിനിടെയാണ് സമീഷ് പ്രകോപനപരമായ ഭാഷയിൽ സംസാരിച്ചതെന്ന് പറയുന്നു. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും”, “അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”, “ഞങ്ങൾ ഇറങ്ങിയാൽ മുസ്‍ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും” തുടങ്ങിയ വാക്കുകളാണ് പ്രസംഗത്തിൽ ഉണ്ടായത്.
പ്രസംഗത്തിനിടെ, ലീഗിന്റെ കോട്ടകളായി അറിയപ്പെട്ട പ്രദേശങ്ങളിൽ പോലും സിപിഎമ്മും എൽഡിഎഫും ജയിച്ചിട്ടുണ്ടെന്നും, അക്രമത്തിന്റെ പാത സ്വീകരിച്ചാൽ അതിനെ ശക്തമായി തടയുമെന്നും സമീഷ് പറഞ്ഞു. സിപിഎം പ്രവർത്തകർ ഉശിരാർന്ന പ്രവർത്തനം സംഘടിപ്പിക്കുമെന്നും, അതിന് തടസ്സം സൃഷ്ടിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുസ്‍ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിൽ നിന്ന് മുസ്‍ലിം ലീഗ് നാല് വാർഡുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമായത്.