india

മോദിയെ തിരിച്ച് വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾക്കുറക്കമില്ല: ഉദയനിധി സ്റ്റാലിൻ

By webdesk14

March 26, 2024

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാർട്ടി ഉറങ്ങില്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ കണ്ട് ഇന്ത്യ മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഡിഎംകെയ്ക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. അതേ, നിങ്ങളെ തിരികെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയെ തിരികെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങാൻ പോകുന്നില്ല. 2014–ൽ ഗ്യാസ് സിലിണ്ടറിന്റെ വില 450 രൂപയായിരുന്നു എന്നാൽ ഇന്നത് 1200 രൂപയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ വിലകുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിലിണ്ടറിന് വീണ്ടും അഞ്ഞൂറുരൂപ വിലയുയർത്തും. ’’ ഉദയനിധി പറ‍ഞ്ഞു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച കാലയളവിൽ തമിഴ്നാടിനെ മോദി തിരിഞ്ഞുനോക്കിയില്ല. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർഥിച്ചിരുന്നു. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല.’’ ഉദയനിധി പറ‍ഞ്ഞു.