അഹമ്മദാബാദ്: ഭരണഘടന മാറ്റിയെഴുതണമെന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ബി.ജെ.പി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് മേവാനി പറഞ്ഞു.

ഭീമ കൊരെഗാവ് യുദ്ധത്തില്‍ മരിച്ചവരെ അനുസ്മരിച്ചുള്ള എല്‍ഗാര്‍ പരിഷത്ത് ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പിക്കെതിരെ മേവാനി ആഞ്ഞടിച്ചത്. ഭരണഘടന മാറ്റിയെഴുതാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് മേവാനി പറഞ്ഞു. നിങ്ങള്‍ ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തുകൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ മനസ്സുള്ളവരെല്ലാം ഒന്നുചേര്‍ന്ന് 2019-ല്‍ ബി.ജെ.പിക്കെതിരെ അണിനിരക്കും. ഗുജറാത്തില്‍ ബി.ജെ.പിയുടെ 150സീറ്റെന്ന മോഹത്തെ ഞങ്ങള്‍ അടിച്ചമര്‍ത്തി. ബി.ജെ.പിയുടെ 2019-ലെ വിജയത്തെ രണ്ടക്കത്തിലേക്ക് ഒതുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ്, അന്തരിച്ച ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെയുടെ മാതാവ് രാധിക വെമുലെ, ഭീം ആര്‍മി പ്രസിഡന്റ് വിനയ് രത്തന്‍ സിംങ്, പ്രകാശ് അംബേദ്കര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു,.

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ ആണ് ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതുമെന്നും ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് എടുത്തുകളയുമെന്നും വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ ഹെഗ്‌ഡെ മാപ്പുപറയുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് തന്നെ ഹെഗ്‌ഡെയുടെ പരാമര്‍ശത്തോട് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് വിവരം. കേന്ദ്രനേതാക്കള്‍ പ്രതിരോധിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിരോധത്തിലായ മന്ത്രി മാപ്പുപറയുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്ന് ഹെഗ്‌ഡെ പിന്നീട് പറഞ്ഞു.