വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ഭരണകൂടത്തിനെതിരെ വെല്ലുവളിയുമായി ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുഎസ് അവിടെ പിടിച്ചെടുക്കുമെന്ന് ട്രംപ്. റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈവശത്താക്കുന്നതിനു മുമ്പായി അമേരിക്കക്ക് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി എക്‌സിക്യൂട്ടിവുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പറഞ്ഞു. റഷ്യയോ ചൈനയോ നമുക്ക് ഒരു അയല്‍ക്കാരനായി ഉണ്ടാവാന്‍ പാടില്ലെന്നും’ ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
1951ലെ നാറ്റോ സംയുക്ത കരാര്‍ പ്രകാരം ദ്വീപില്‍ യു.എസ് സൈനിക സാന്നിധ്യം നിലവിലുണ്ടെങ്കിലും, അത്തരം ക്രമീകരണങ്ങള്‍ അവരുടെ സുരക്ഷയും പ്രതിരോധവും ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡ് നേരിട്ട് ഏറ്റെടുക്കുമെന്ന് ട്രംപ് വാദിക്കുന്നത്. 57,000 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഡെന്‍മാര്‍ക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്.
ഗ്രീന്‍ലാന്‍ഡിനെ യു.എസ് നിയന്ത്രണത്തിലാക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ട്രംപും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തുവരികയാണ്. ഡെന്‍മാര്‍ക്കില്‍ നിന്ന് വേര്‍പിരിഞ്ഞ് യു.എസില്‍ ചേരാന്‍ ഗ്രീന്‍ലാന്‍ഡുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സൈനിക നടപടിയുടെ സാധ്യതയും ഗ്രീന്‍ലാന്‍ഡുകാരെ പണം നല്‍കി വശത്താക്കലും ഇതില്‍ ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് എന്നിവ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഗ്രീന്‍ലാന്‍ഡിനും ഡെന്‍മാര്‍ക്കിനും മാത്രമേ അവരുടെ ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയൂ എന്ന് പറഞ്ഞു.