main stories

പശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

By Akhila

March 10, 2026

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷപരമായ സാഹചര്യം പരിഗണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും സംബന്ധിച്ച അടിയന്തര വിഷയത്തില്‍ രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അഡ്വ ഹാരിസ് ബീരാന്‍ എം.പി. ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇവര്‍ ആ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍ പ്രദേശത്തെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇത്തരം സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രാജ്യസഭയില്‍ അടിയന്തര ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ആവശ്യമായിടത്ത് ഇന്ത്യന്‍ എംബസികള്‍ വഴി സഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.