ദുബൈ: ഈ മാസാവസാനത്തില്‍ (മാര്‍ച്ച് 31) ന് മെക്‌സിക്കന്‍ നഗരമായ മോണ്‍ടിറെറിയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ യാത്ര ദുഷ്‌ക്കരമായതിനാല്‍ ടീമിന് മെക്‌സിക്കന്‍ നഗരത്തിലെത്താനും കളിക്കാനുമാവില്ലെന്നാണ് ഇറാഖ് ടീം കോച്ച് ഗ്രഹാം അര്‍നോള്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ, അല്ലെങ്കില്‍ സുരിനാം എന്നിവരില്‍ ഒരാളായിരിക്കും ഇറാഖിന്റെ പ്രതിയോഗികള്‍. ഇറാഖ് വിശദീകരിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്-ഞങ്ങളുടെ കളിക്കാര്‍ യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ലീഗുകളില്‍ കളിക്കുകയാണ്. നിലവിലെ പശ്ചാത്തലത്തില്‍ പ ശ്ചിമേഷ്യന്‍ വിമാന യാത്രാ റൂട്ട് നിറയെ പ്രശ്‌നങ്ങളാണ്. കളിക്കാര്‍ക്ക് മെക്‌സിക്കോയിലെത്താനാവില്ല. ഫെബ്രുവരി 28 മുതല്‍ ഇറാന്‍ വ്യോമപാത അടച്ചിരി ക്കയാണ്. ഈ സാഹചര്യത്തില്‍ യാത്ര പ്രയാസമാണ്. അതിനാലാണ് കളി മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. ടീമിലെ കളിക്കാരെല്ലാം ലോകത്തിന്റെ പല ദിക്കുകളിലാണ്.അവരെ ഒരുമിപ്പിക്കുക നിലവിലെ സാഹചര്യത്തില്‍ ദുഷ്‌ക്കരമാണെന്നാണ് 2025 മുതല്‍ ടീമിനൊപ്പമുള്ള അര്‍നോള്‍ഡ് പറയുന്നത്. 1986 ലെ ലോകകപ്പിലാണ് അവസാനമായി ഇറാഖ് കളിച്ചത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു അവസരം കൈവന്നിരിക്കുന്നത്. ഈ മല്‍സരത്തിലേക്ക് ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കണം. അതിനായുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമാണ് ഫുട്‌ബോള്‍. ദേശീയ ടീമാവട്ടെ വന്‍കരാതലത്തില്‍ ശക്തരുമാണ്. അത് കൊണ്ടാണല്ലോ പ്ലേ ഓഫിന് യോഗ്യത നേടിയത്. ശക്തരായ യു.എ.ഇയെ 3-20 തോല്‍പ്പിച്ചാണ് ഇറാഖ് പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്.