News

പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

By webdesk17

January 13, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നിലവില്‍ രണ്ട് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സംസ്ഥാനതലത്തില്‍ ജാഗ്രത നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജനുവരി 11ന് കല്യാണിയിലെ എയിംസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)യുടെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് സംശയാസ്പദമായ കേസുകള്‍ കണ്ടെത്തിയത്. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

നിപ വൈറസ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്ന ഈ രോഗത്തിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. പന്നികള്‍ക്കൊപ്പം ആട്, കുതിര, നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെയും രോഗം പകരാം. രോഗബാധിതമായ മൃഗങ്ങളുടെ ശരീരസ്രവങ്ങളായ രക്തം, മൂത്രം, മലം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. നിപ വൈറസ് ബാധിച്ചവരെ അടുത്ത് പരിചരിക്കുമ്പോള്‍ മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ മനുഷ്യരിലേക്കും രോഗം പകരാം. വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങള്‍ കുടിക്കുന്നതിലൂടെയും വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ച ശേഷം സാധാരണയായി നാല് മുതല്‍ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. തുടക്കത്തില്‍ പനിയും തലവേദനയും അനുഭവപ്പെടുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് പൊതുവേ കാണുന്നത്.

നിപ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍: കടുത്ത പനി, ശക്തമായ തലവേദന, ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസ്സം, വയറിളക്കം, ഛര്‍ദ്ദി, പേശിവേദനയും കടുത്ത ബലഹീനതയും, അവ്യക്തമായ സംസാരം, ബോധക്ഷയം

നിപ വൈറസ് ബാധ ഒഴിവാക്കാന്‍ രോഗബാധിത പ്രദേശങ്ങളിലെ മൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കണമെന്നും അധികൃതര്‍ അറിയിച്ചു.