editorial

ഇതെന്തൊരു നാണക്കേട്

By Akhila

February 27, 2026

ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണവും അതിന്റെപേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുമെല്ലാം നാണക്കേടിന്റെ അങ്ങേയറ്റം എന്നേ വിശേഷിപ്പിക്കാനാവൂ. ഒറ്റനോട്ടത്തില്‍ തന്നെ ആസൂത്രിതമെന്നുബോധ്യമാകുന്ന ഈ ഹീനതന്ത്രത്തില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ മുതല്‍ മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ വരെ നിര്‍ലജ്ജം പങ്കാളികളാകുമ്പോള്‍ ഈ ഭരണകൂടത്തെയും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയും ഓര്‍ത്ത് കേരള ജനത അപമാനഭാരത്താല്‍ തലതാഴ്ത്തിപ്പോവുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിഷയം ഏറ്റെടുത്തതും മുഖ്യമന്ത്രി പിണറായി വിജയന്‍ താമസംവിനാ അതില്‍ ഇടപെട്ടതുമെല്ലാം എന്തുമാത്രം അല്‍പ്പത്തരത്തോടെയായിരുന്നുവെന്നത് ആ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യമാകുന്നതേയുള്ളൂ. ഏതായാലും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കെ വകുപ്പ് മന്ത്രിയും സര്‍ക്കാറും സി.പി.എമ്മും ചെര്‍ന്ന് കാട്ടിക്കൂട്ടിയ പൊറാട്ടുനാടകങ്ങള്‍ തകര്‍ന്നു തരിപ്പണമായതിലൂടെ വെളുക്കാന്‍ തേച്ചത് പാണ്ടായതിന്റെ ജാള്യതയിലാണ് ഈ കൂട്ടര്‍ ഇപ്പോഴുള്ളത്.

ആരോഗ്യ രംഗത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായി തകര്‍ച്ചയാണ് വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ഒന്നിനുപിറകെ ഒന്നായി കേരളത്തിലാകമാനം സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകള്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്തെ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്വതസിദ്ധമായ ധിക്കാരവും ധാര്‍ഷ്ട്യവും മുഖമുദ്രയാക്കി അതിനെയെല്ലാം പുഛിച്ചുതള്ളുന്ന വകുപ്പുമന്ത്രിയുടെയും ഇതിന് കുടപിടിക്കുന്ന സര്‍ക്കാറിന്റെയും സമീപനങ്ങളാണ് ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നത്. അതിധാരുണാമായ ചികിത്സാ പിഴവുകള്‍ ആവര്‍ത്തിപ്പക്കപ്പെടുകയും മനുഷ്യജീവനുകള്‍ പന്താടപ്പെടുകയും ചെയ്യുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയും ലാഘവത്തോടെ കാണുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ സമീപനത്തോട് കേരളത്തിന്റെ പൊതുസമൂഹത്തില്‍ തന്നെ അടങ്ങാത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍വെച്ച് ശസ്ത്രക്ക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍ അതിനെതിരെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയത് ആരോഗ്യ വകുപ്പിനോടുള്ള കേരളത്തിലെ സമാന്യ ജനങ്ങള്‍ക്കുള്ള മനോനിലയാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ആരോഗ്യവകുപ്പിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കുനേരെ നടന്നിട്ടുള്ള പ്രതിഷേധങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ വീണതുവിദ്യയാക്കാനുള്ള വീണാ ജോര്‍ജ്ജിന്റെ ശ്രമങ്ങളാണ് പിന്നീട് കാണാനായത്.

തന്റെ പരിപാടികള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ മറ്റിടങ്ങളിലെല്ലാം നടന്നതുപോലെയുള്ള സ്വാഭാവിക പ്രതിഷേധം മാത്രമാണ് കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയിട്ടുള്ളത്. പ്രസ്തുത പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയാണ് നട്ടാല്‍കുരുക്കാത്ത നുണയുമായി മന്ത്രിയും കൂട്ടരും രംഗത്തെത്തുന്നത്. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നടുവില്‍ നില്‍ക്കുന്ന മന്ത്രിയുടെ ദേഹത്തുപോയിട്ട് അതിനു സമീപത്തുപോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നിരിക്കെയാണ് കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേല്‍ക്കലും ആശുപത്രിയില്‍ അഡ്മിറ്റാവലും ഐ.സിയുവില്‍ പ്രവേശിക്കലുമെല്ലാം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന മറ്റൊരുകാര്യം സുരക്ഷാ ജീവനക്കാരുരെയും പൊലീസിനെയും മറികടന്ന് കെ.എസ്.യുക്കാര്‍ക്കു നേരെ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മന്ത്രിയുടെ വഴിവിട്ട നീക്കങ്ങളാണ്. തന്റെ ശരീരത്തില്‍ ഒരു പോറലെങ്കിലുമേല്‍ക്കാന്‍ മന്ത്രി അതിയായി ആഗ്രഹിച്ചിരുന്നതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആസൂത്രണം അല്‍പമൊന്നു പാളിയെങ്കിലും മുന്‍കൂട്ടി തീരുമാനിച്ചതുപോലെ ആശുപത്രിവാസവും പ്രതിഷേധങ്ങളും ആക്രമണങ്ങളുമെല്ലാം കൊടുമ്പിരിക്കൊള്ളുകയും ചെയ്തു. വിഷയങ്ങള്‍ വഴിതിരിച്ചുവിടാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമുള്ള ശ്രമങ്ങളുമാണ് ഈ കോലാഹലങ്ങള്‍ക്കുപിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതോടെ ഈ നാടകവും സി.പി.എമ്മിന് മറ്റൊരു ഭൂമറാങ്ങായി മാറിയിരിക്കുകയാണ്.