editorial

ആരോഗ്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്

By webdesk17

February 21, 2026

സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന ഗൗരവതരമായ ചോദ്യമാണ് ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഉയര്‍ത്തുന്നത്. ഒറ്റപ്പെട്ടതെന്ന് സര്‍ക്കാറും വകുപ്പ് മന്ത്രിയും ആണയിട്ടുകൊണ്ടിരിക്കുന്ന ചികിത്സാ പിഴവുകള്‍ നിത്യസംഭവങ്ങളായി മാറുമ്പോള്‍ മറുഭാഗത്ത് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരില്‍ സാധാര ണക്കാരായ മനുഷ്യര്‍ ചികിത്സാ നിഷേധത്താലും ചികിത്സാ പിഴവിനാലും പൊറുതിമുട്ടിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വകുപ്പ് മന്ത്രിയുടെ അവകാശവാദങ്ങളും വെല്ലുവിളികളുമെല്ലാം ഈ ഘട്ടത്തിലും ഒരു മുടക്കവുമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളായുള്ള ഭരണകൂടങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഇടപെടലിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യയില്‍തന്നെ ഏറ്റവും മികവുറ്റതായി മാറിയിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ തത്വദീക്ഷയില്ലാത്ത സമീപനത്തിലൂടെ ഈ രംഗമാകെ താറുമാറായിക്കിടക്കുമ്പോഴും അവകാശവാദങ്ങളില്‍ അഭിമരമിക്കുന്ന വകുപ്പുമന്ത്രി നാടിനാകെ നാണക്കേടാണ് സമ്മാനിച്ചുകൊണ്ടരിക്കുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവമാണ് ചികിത്സാപിഴവിന്റെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയത്. വയറ്റില്‍ കത്രികയുമായി, അസഹനീയമായ വേദനയുമായി ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഉഷ ജോസഫ് തള്ളിനീക്കിയത് അഞ്ച് വര്‍ഷക്കാലമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. എക്‌സറെ ഉള്‍പ്പെടെയുള്ള പരിശോധനക്ക് ശേഷമാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. അസഹനീയമായ വേദനയുമായി പുളഞ്ഞുകൊണ്ട് നിരവധി തവണ ആശുപത്രിയെ സമീപിച്ചിട്ടും മരുന്നുനല്‍കി തിരിച്ചയച്ച ഡോക്ടര്‍മാരുടെ സമീപനത്തില്‍ തന്നെയുണ്ട് ചികിത്സയിലെ ആലസ്യത്തിന്റെ എല്ലാ പ്രതിഫലനവും. വയറ്റില്‍ കത്രികയുണ്ടെന്ന് തെളിഞ്ഞതിന് ശേഷം ചികിത്സക്കെത്താന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആ ആശുപത്രിയിലേക്ക് ഇനി ചികിത്സക്കില്ലെന്ന് പറ ഞ്ഞ് സ്വകാര്യ ആശപത്രിയില്‍ അഭയം പ്രാപിച്ച പ്രസ്തുത സ്ത്രീയും വിളിച്ചുപറയുന്നത് നമ്മുടെ ചികിത്സാ രംഗത്തിന് സംഭവിച്ച അപചയത്തെക്കുറിച്ച് തന്നെയാണ്. സമാനമായ ചികിത്സാപിഴവിനിരയായ കോഴിക്കോട്ടുകാരിയായ ഹര്‍ഷിനയുടെ നീതിക്കുവേണ്ടിയുള്ള അലച്ചലിന് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലയളവിന്റെയത്രതന്നെ പ്രായമുണ്ട്. ഉഷ ജോസഫിനുണ്ടായ ധാരുണമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈയിടെമാത്രമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുണ്ടായ നിരവധി ചികിത്സാ പിഴവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ശേഷം 14 വയസുകാരന്റെ കൈ വളഞ്ഞുപോയ സംഭവമുണ്ടായത് കോന്നി മെഡിക്കല്‍ കോളജിലാണ്. കഴിഞ്ഞ നവംബറിലാണ് തന്‍സീറിന്റെ കൈ ഒടിഞ്ഞതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഫെബ്രുവരി രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോഴാണ് കൈ വളഞ്ഞുപോയ വിവരം വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ചികിത്സയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന കുടുംബം, കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് വിണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം നടക്കുന്ന അന്വേഷണങ്ങളാകട്ടേ വെറും പ്രഹസനങ്ങളായിത്തീരുകയാണ്. കുറ്റക്കാര്‍ക്കെതിരെയുള്ള മാതൃകാപരമായ ശിക്ഷ വാക്കുകളിലൊതുങ്ങുന്നത് പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനുള്ള കാരണമായിത്തീരുകയുമാണ്. ശമ്പള പരിഷ്‌കരണ കുടിശികയും ഡി.എ കുടിശികയും അടിയന്തരമായി അനുവദിക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണ സമരം ആറാം ദിവസത്തിലേക്ക് കടന്നതും ഇവിടെ ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. സമരംവഴി മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഒ.പി വിഭാഗം പൂര്‍ണമായും സ്തംഭിച്ചതും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചതും സാധാരണക്കാരായ രോഗികളെ ദുരിതക്കഴത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുന്നതിനു പകരം സമരം ശക്തമായി നേരിടാനാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച ആരോഗ്യവകുപ്പ്, സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പതിവുധിക്കാരവും ധാര്‍ഷ്ട്യവും സര്‍ക്കാര്‍ ഇ ക്കാര്യത്തിലും തുടരുന്നതുവഴി ആത്യന്തികമായി പാവപ്പെട്ട രോഗികളാണ് എല്ലാ കെടുതികളും അനുഭവിക്കേണ്ടി വരുന്നത്.