kerala

കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍

By webdesk17

December 27, 2025

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു മേശത്ത് ചുറ്റുമിരുന്ന് കടകംപള്ളിയും പോറ്റിയും മറ്റുള്ളവരും സംസാരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?

പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്.

ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?