editorial

കണ്ണാടി തല്ലിയുടച്ചിട്ടെന്ത് കാര്യം

By webdesk18

December 21, 2025

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുട്ടില്‍ തീപിടിച്ചത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി. തിരഞ്ഞെടുപ്പില്‍ തോല്‍വിയൊക്കെ സാധാരണയാണെങ്കിലും ‘എന്നാലും ഇങ്ങനുണ്ടൊരു തോല്‍വി’ എന്ന സന്ദേശം സിനിമയില്‍ ജയറാം, സഖാവ് കോട്ടപ്പള്ളിയോട് ചോദിക്കുന്ന ചോദ്യമാണ് സി.പി.എമ്മുകാരെ ഏറെ അസ്വസ്ഥരാക്കുന്നത്. സി.പി.എമ്മിനെയും ഇടത് മുന്നണിയേയും തോല്‍പിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ തോറ്റെന്ന് ബോധ്യപ്പെടുത്താന്‍ വലിയ പണിയാണ്.

ഏതാണ്ട് ഹിമാലയം കയറാന്‍ ഇതിലും എളുപ്പമായിരിക്കും. എന്നാലും ക്യാപ്സൂള്‍ ഫാക്ടറി സഖാക്കള്‍ തോറ്റില്ലെന്ന് സമര്‍ത്ഥിക്കാന്‍ ന്യായീകരണം ചമച്ചു കൊണ്ടേ ഇരിക്കും. ഇത്തവണ എന്തായാലും ബി.ജെ.പിക്ക് യു.ഡി.എഫ് സഹായമെന്ന പതിവ് ക്യാപ്സൂള്‍ ഫലിച്ചില്ല. കാരണം സിംപിളായിരുന്നു. മേയറുട്ടി എന്ന് ഓമനപ്പേരൊക്കെ നല്‍കി അഞ്ചു കൊല്ലം ഭരിച്ച് കടലാ സ് സംഘടനയെ കൊണ്ട് അവാര്‍ഡൊക്കെ വാങ്ങി ഗംഭീരമെന്ന് പാര്‍ട്ടി വിലയിരുത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ സി.പി.എമ്മില്‍ നിന്നും ബി.ജെ.പി റാഞ്ചി. യു.ഡി.എഫിനും ബി.ജെ.പിക്കും സീറ്റ് കൂടിയപ്പോള്‍ ദോണ്ട കിടക്കുന്നു സഖാക്കളുടെ സീറ്റുകളെല്ലാം കാലി. ക്യാപ്സൂള്‍ സഖാക്കള്‍ തരാതരം വ്യാജന്‍ യമണ്ട സിദ്ധാന്തങ്ങള്‍ അടിച്ചിറക്കുന്ന തിരിക്കിലാണിപ്പോള്‍. ഏണസ്റ്റോ ചെഗുവേരയുടേയും ഫിദല്‍ കാസ്‌ട്രോയുടേയുമൊക്കെ പേരില്‍ അവര്‍ പോലും അറിയാത്ത വചനങ്ങളും ഉദ്ദരണികളുമൊക്കെ ഫിറ്റ് ചെയ്ത് അണ്ടിമുക്ക് സഖാക്കള്‍ മുതല്‍ താത്വികാചാര്യന്‍മാര്‍ വരെ സായൂജ്യമണിയുകയാണ്.

ഏണ സറ്റ് ഹെമിങ് വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ്‌സി എന്ന ബുക്കിലെ കൊല്ലാം തോല്‍പിക്കാനാവില്ലെന്ന ഉദ്ദരണി പണ്ടേ സഖാക്കള്‍ ചെഗുവേരയുടെ ബോര്‍ഡിനൊപ്പം ഫിറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. പല സഖാക്കളുടേയും ധാരണ ഇത് ചെഗുവേര പറഞ്ഞതാണെന്നാണ്. സഖാക്കളല്ലെ ബു ദ്ധി 15 കൊല്ലം പിറകിലായതിനാല്‍ വൈകി സൂര്യനുദിക്കു മായിരിക്കും. ഈയിടെ ഫിദല്‍ കാസ്‌ട്രോയും ചെഗുവേര യും തമ്മിലുള്ള സംഭാഷണമാണ് തോറ്റാല്‍ ആദ്യ ക്യാപ് സൂളായി വരുന്നത്. നമ്മള്‍ തോറ്റുപോയാല്‍ എന്ത് ചെയ്യും ഫിദല്‍ കാസ്‌ട്രോയോട് ചെഗുവേര ചോദിച്ചു. പോരാട്ടം തുടരും. അപ്പോള്‍ ജയിച്ചാലോ പോരാട്ടം തുടരും. ഇതാണ് ഇപ്പോള്‍ പ്രമുഖ അന്തങ്ങളുടെ മുഖ്യ ക്യാപ്സൂള്‍. അന്തം സ് പക്ഷേ ഒട്ടിച്ചുനടക്കുന്ന ഈ ഡയലോഗിന്റെ ഉറവിടം ഏതാണെന്ന് ചോദിച്ചാല്‍ എവിടെ നിന്നും കിട്ടില്ല. കാരണം ആന്‍ഡേഴ്സണെപ്പോലുള്ളവര്‍ സമഗ്രമായ ചെഗുവേര ജീവചരിത്രവും എഴുതിയിട്ടും അതിലൊന്നും കണ്ടെത്താത്ത എന്നാല്‍ കേരളത്തിലെ അന്തംസ് മാത്രം കണ്ടെത്തിയ ഡയലോഗ് ആണിത്. ചെഗു, ഫിദല്‍ പണ്ഡിതരായ പ്രമുഖ അന്തംസിനോട് ഇതിന്റെ സോഴ്സ് ചോദിച്ചാല്‍ കോട്ടപ്പള്ളിയു ം കുമരപിള്ളസാറുമൊക്കെ ആവര്‍ത്തിക്കും താത്വികാചാര്യന്‍മാരെ ചോദ്യം ചെയ്യരുത്, പാര്‍ട്ടി ക്ലാസില്‍ സ്ഥിരമായി വരാത്തതിന്റെ പ്രശ്നമാണ് എന്നിങ്ങനെ.

കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതാരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ. അത് സി.പി.എമ്മുകാര്‍ തന്നെയാണ്. സി.പി.എമ്മിന് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം പിന്നീട് ബി.ജെ.പി വളര്‍ന്നത് സഖാക്കളുടെ കൂട്ടുപിടിച്ചാണ്. നാളെ ബി.ജെ.പിയാകാന്‍ തിരക്കുകൂട്ടുന്ന വരാണ് ഇന്നത്തെ സഖാക്കള്‍. ബംഗാളും ത്രിപുരയുമൊക്കെ ഇതിന്റെ മുന്‍ഗാമികളാണ്. അണികള്‍ ഒന്നടങ്കം ബി. ജെ.പിയിലേക്ക് ഒലിച്ചുപോകാതിരിക്കാനായി ഇപ്പോള്‍ അഭിനവ സ്റ്റാലിനായ കേരള മുഖ്യന്‍ ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്ന് നേരം വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ കൊണ്ടുനടക്കുകയാണ്.

അധികാരം നിലനിര്‍ത്താനായി വര്‍ഗീയത ആകാമെന്നാണ് പുതിയ ലൈന്‍. കേന്ദ്രത്തിനും കേരള സര്‍ക്കാറിനുമിടയിലെ പാലമായി ബ്രിട്ടാസ് മാറിയതു പോലെ ബി.ജെ.പിക്കും സി.പി.എ മ്മിനും ഇടയിലെ പ്രമുഖ പാലമാണ് വെള്ളാപള്ളി. കൊണ്ടാലും കൊണ്ടാലും പഠിക്കാത്തതു കൊണ്ടല്ല മുഖ്യന്‍ ഇപ്പോഴും വിഷം ചീറ്റുന്ന വെള്ളാപള്ളിയെ കൊണ്ടു നടക്കുന്നത്. ഇതാണ് ഇ.ഡിയും കേരള സര്‍ക്കാറും തമ്മിലെ ബന്ധത്തിന്റെ ഉദാഹരണം. ഇനിയിപ്പോള്‍ തോറ്റസ്ഥിതിക്ക് ആരുടെ എങ്കിലും തലയില്‍ പഴി കേറ്റണം. ആദ്യം നാടന്‍ പ്ര യോഗവുമായി എം.എം മണി എത്തി. സര്‍ക്കാറിന്‍ന്റെ ആനുകൂല്യം പറ്റി വോട്ടര്‍മാര്‍ പണിപറ്റിച്ചത്രേ!. കേട്ടാല്‍ തോന്നും എ.കെ.ജി സെന്ററിലെ ഫണ്ട് കൊണ്ടാണ് നാട്ടാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്ത് കാര്യം.

പഴയത് പോലെ ഒന്നും ഏശാതായപ്പോഴാണ് സ്വര്‍ണം കട്ട സഖാക്കളെ കുറിച്ചുള്ള പാട്ട് കേട്ടത്. എഴുതിയതും പാടിയതുമൊക്കെ മുസ്ലിംകള്‍. യുറേക്കാ….. കിട്ടിപ്പോയെന്നും പറഞ്ഞ് പിന്നെ വെച്ചടി കയറ്റമായിരുന്നു പാട്ടിന് പിന്നിലെ എല്ലാവര്‍ക്കുമെതിരെ കേസ്. ആരാ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഏത് തോന്നിവാസത്തിനും ലൈസന്‍സ് കൊടുക്കുന്ന സി.പി.എ മ്മുകാര്‍. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി നാട്ടാര് മൊത്തം ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…’ എന്നങ്ങ് ഏറ്റു പാടി. ഒരു പാട്ടിനെ പോലും പേടിക്കുന്ന സഖാക്കളുടെ അവസ്ഥ കണ്ട് ഈശ്വരാ ദുഷ്ടന്‍മാര്‍ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് യു.ഡി.എഫുകാര്‍ വരെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ ഇതിഹാസം തീര്‍ത്ത രാജ…യു ടേണ്‍ രാജ രംഗത്തു വന്നു. മറ്റൊരു ക്യാപ്സൂള്‍ കണ്ടെത്തുന്നത് വരെ തല്‍ക്കാലം നടപടിയൊന്നും വേണ്ടെന്നാണ് നിര്‍ദേശം.

എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി. ഇതിലും വലിയ തോല്‍വി വരാനിരിക്കുന്നതിനാല്‍ ഇനിയിപ്പോള്‍ ഓട്ടച്ചങ്കന്‍ മുതല്‍ ഛോട്ടാ ക്യാപ്സുള്‍ സഖാക്കള്‍ വരെ ന്യൂനപക്ഷ സംഘടനകളുടെ എല്ലാ സ്റ്റേജുകളിലും കയറും. അശ്ലീല പരസ്യങ്ങള്‍ നല്‍കും. ഇതിനായി അന്വേഷണം നേരിടുന്ന വരും അല്ലാത്തവരുമായ മൈലാഞ്ചി കുഞ്ചന്‍മാര്‍ സ്റ്റേജുകളുമായി എത്തും. പക്ഷേ ഒന്നുണ്ട്. വോട്ടര്‍മാരെ മരം കുലുക്കി തള്ളി ഇടാനാവില്ലല്ലോ.