പത്തനാപുരം (കൊല്ലം): ജയില്‍ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാട്സാപ്പില്‍ സ്റ്റാറ്റസ് വെച്ച എസ്ടി പ്രമോട്ടര്‍ നിയമന ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ യുവതിയെ ഒഴിവാക്കി. പിറവന്തൂര്‍ പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി പുനരധിവാസ നഗറിലാണ് സംഭവം.
‘ഇനി ജീവിക്കാന്‍ ജയിലാണ് നല്ലത്, പുറത്തിറങ്ങുമ്പോള്‍ വന്‍ തുക ശമ്പളവുമായി വരാം’ എന്നായിരുന്നു ഷീനാ പ്രകാശ് വാട്സാപ്പില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസ്. ഇതിന് പിന്നാലെയാണ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം. നാല് പേര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഷീനാ പ്രകാശിന് പകരം പഞ്ചായത്തിന് പുറത്തുള്ള, പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നയാളെ പ്രമോട്ടറായി നിയമിച്ചു.
അതത് ആദിവാസി നഗറുകളില്‍ ഒന്നാം റാങ്ക് നേടുന്നയാളെ പ്രമോട്ടറായി നിയമിക്കുന്നതാണ് നിലവിലുള്ള കീഴ്വഴക്കം. എന്നാല്‍, ഒന്നാം സ്ഥാനം നേടിയിട്ടും നിയമനം വൈകിയതിനെ തുടര്‍ന്ന് ഷീനാ പ്രകാശ് ട്രൈബല്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയായിരുന്നു. അപ്പോഴാണ് സര്‍ക്കാരിനെതിരെ സ്റ്റാറ്റസ് ഇട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനാല്‍ നിയമിക്കാനാവില്ലെന്ന് അറിയിച്ചതായി പറയുന്നത്.
പിറവന്തൂര്‍ പഞ്ചായത്തില്‍ മൂന്ന് ആദിവാസി പുനരധിവാസ നഗറുകളാണുള്ളത്. ഇവിടങ്ങളിലേക്കായി രണ്ട് എസ്ടി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.