kerala

വീട്ടുകാര്‍ വഴക്കുപറഞ്ഞപ്പോള്‍ വിഷക്കായ കഴിച്ചു; രണ്ടു പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു

By Chandrika Web

April 20, 2022

കോട്ടയം തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂര്‍ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതില്‍ തലയോലപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വീട്ടില്‍നിന്ന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇരുവരും സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സുഹൃത്തുക്കളായത്.

തിങ്കളാഴ്ച വെള്ളൂര്‍ സ്വദേശി സ്വന്തം വീട്ടില്‍ വച്ച് വിഷക്കായ കഴിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തു. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയും വിഷക്കായ കഴിക്കുകയായിരുന്നു. ഈ കുട്ടി ഇന്ന് രാവിലെയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.

വെള്ളൂര്‍ സ്വദേശിയായ പെണ്‍കുട്ടി നേരത്തെ പോക്‌സോ കേസില്‍ ഇരയായിരുന്നു. എന്നാല്‍ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്ന് പോലീസ് പറയുന്നു.