main stories

തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോള്‍ സര്‍ക്കാര്‍ പ്രചാരണം തദ്ദേശ ചെലവില്‍ നടത്താന്‍ നീക്കം

By webdesk17

August 30, 2025

തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടിയായ ‘വികസന സദസ്സു’കളുടെ നടത്തിപ്പ് ഭാരം അതതു തദ്ദേശ സ്ഥാപനങ്ങളുടെ ചുമലില്‍ വെക്കാന്‍ നീക്കം. നികുതിയായും ലൈസന്‍സ്- പെര്‍മിറ്റ് ഫീസായും ജനങ്ങളില്‍ നിന്നും പിരിക്കുന്ന തനതു ഫണ്ടാണ് ഇതിനു ചെലവിടേണ്ടത്.

സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയായാണ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ സദസ്സുകള്‍ സംഘടിപ്പിക്കേണ്ടത്. എന്നാല്‍ അതേസമയം സര്‍ക്കാരിന്റെ നേട്ടങ്ങളും സദസ്സുകളില്‍ പ്രചരിപ്പിക്കണമെന്നാണ് നിബന്ധന. നവംബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് പരമാവധി 2 ലക്ഷം രൂപ, നഗരസഭകള്‍ക്ക് 4 ലക്ഷം, കോര്‍പറേഷനുകള്‍ക്ക് 6 ലക്ഷം എന്നിങ്ങനെ ചെലവിടാനാണ് അനുമതി. തനത് / പ്ലാന്‍ ഫണ്ടില്‍നിന്നു പണം ചെലവഴിക്കണമെന്നാണ് തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ ഉത്തരവ്. ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് തേടാം.

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്. പരിപാടിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് യുഡി എഫ് തീരുമാനമെടുത്തിട്ടില്ല. നവകേരള സദസ്സ് യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ എത്തിനില്‍ക്കുകയാണ് കേരളം. എന്നാല്‍ മുഖ്യമന്ത്രി നിക്ഷേപത്തിനായി 25 രാജ്യങ്ങള്‍ സഞ്ചരിച്ചിരുന്നു. ഒരു രൂപ പോലും നിക്ഷേപം വന്നില്ലെന്നാണ് വ്യവസായ വകുപ്പ് പറഞ്ഞത്. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ നടത്തിയ ചില യാത്രകളില്‍ കുടുംബവും കൂടെയുണ്ടായിരുന്നു. യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, ദക്ഷിണകൊറിയ, ഫിന്‍ലാന്റ്, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ബഹറൈന്‍, നെതര്‍ലന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് പത്ത് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി സഞ്ചരിച്ചത്. ഇതിന്‍ അമേരിക്ക ഒഴിച്ചുള്ളതെല്ലാം ഖജനാവില്‍നിന്നും കോടികള്‍ ചെലവിട്ട് നടത്തിയ ഔദ്യോഗിക യാത്രകള്‍. കേരളത്തിലേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ എന്ന പേരിലായിരുന്നു ഈ യാത്രകളെല്ലാം. ബിസിനസ്സ് സമ്മിറ്റ്, റോഡ്‌ഷോ, നിക്ഷേപ ഉച്ചകോടി അങ്ങനെ എല്ലാം കേമമായി നടത്തി.

കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്‌ഐഡിസി) നല്‍കിയ മറുപടി കാണുക. വിദേശ യാത്രകളില്‍ ധാരണ പത്രം ഒപ്പുവെച്ചതിനെ കുറിച്ച് വിവരമില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ കെഎസ്‌ഐഡിസി ഇടപ്പെട്ട് താല്‍പ്പര്യ പത്രങ്ങള്‍ ഒപ്പുവെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ ഏതെങ്കിലും താല്‍പ്പര്യ പത്രം ഒപ്പിട്ടതില്‍ കെഎസ്‌ഐഡിസി നേരിട്ട് പങ്കാളി ആയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

ജനീവയില്‍ നിക്ഷേപ ഉച്ചകോടിക്ക് പോയത് ഭാര്യയെയും മകളെയും കൊച്ചുമകനെയും ഒപ്പം കൂട്ടി. ഇതില്‍ ഓരോ യാത്രയും കഴിഞ്ഞ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി കാണുക. 2022ലെ നോര്‍വേ യാത്രയില്‍ ഒരു കമ്പനി മാത്രം 150 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു മറുപടി. ഇലക്ട്രോണിക് ബാറ്ററി ഉല്‍പാദന ഫാക്ടറി, ഗി്ര്രഫ് സിറ്റിയില്‍ നിക്ഷേപം എന്നിവ വേറെ.

2022ലെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത് ഹിന്ദുജ ഗ്രൂപ്പ് വക കോടികളുടെ നിക്ഷേപം പരുമെന്നാണ്. 2019ല്‍ സന്ദര്‍ശനം നടത്തിയത് ദുബൈ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലാണ്. ജപ്പാനും കൊറിയയില്‍ നിന്നുമായി 300 കോടി രൂപയുടെ നിക്ഷേപം വരുമെന്നും പ്രഖ്യാപിച്ചു. ജപ്പാനിലേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോയത് വന്‍ സംഘത്തെയാണ്. സംഘാഗങ്ങള്‍ക്ക് പ്രതിദിന ചെലവിനായി 100 ഡോളര്‍ വേറെയും നല്‍കിയിരുന്നു. യുഎഇ സര്‍ക്കാര്‍ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.