kerala

തീവ്രവാദി പട്ടം നല്‍കുന്ന വിഭാഗം ഏതാണ്? എസ്എന്‍ഡിപിയുടെ അമരത്തിരുന്ന് പറയേണ്ട വാക്കുകളല്ലിത്’ -പി കെ നവാസ്

By webdesk18

January 02, 2026

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. ദേശം നോക്കിയും അവരുടെ രാഷ്ട്രീയം നോക്കിയും വെള്ളാപള്ളി നടത്തിയ വര്‍ഗ്ഗീയ പ്രസംഗം ആരാണ് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എസ്എന്‍ഡിപി പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് ഒരാള്‍ പറയേണ്ട കാര്യമല്ല ഇതെന്നും സംഘപരിവാറിന്റെ നാവ് വെള്ളാപ്പള്ളി കടമെടുത്തു എന്ന് തെളിഞ്ഞുവെന്നും നവാസ് കുറ്റപ്പെടുത്തി .

കേരളത്തിലെ ഭരണകൂടം ഒരു ഇടപെടല്‍ നടത്തുന്നില്ല. ഉടന്‍ ഇടപെടണം. ഇദ്ദേഹത്തിനെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ തിരുത്താന്‍ ജനം തയ്യാറാകുമെന്നും നവാസ് മുന്നറിയിപ്പ് നല്‍കി. ഇന്നുവരെ ഓരോ ദിനവും വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വെള്ളാപ്പള്ളി തുപ്പുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും അരുതെന്ന് പറയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വെള്ളാപ്പള്ളി സംസാരിക്കുന്നത് ആരുടെ ഭാഷയാണ്? രാജ്യത്ത് ഈ തീവ്രവാദി പട്ടം നല്‍കുന്ന വിഭാഗം ഏതാണ്? എന്ത് കൊണ്ടാണ് നിരന്തര വിഷം തുപ്പല്‍ നിയന്ത്രിക്കേണ്ട ഭരണകൂടം മൗനംപാലിക്കുന്നത്? ഈ വര്‍ഗ്ഗീയവിദ്വെഷകനെ സ്റ്റേജിലിരുത്തിയല്ലേ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു അപേക്ഷ നല്‍കിയാല്‍ മലപ്പുറത്തെന്നല്ല കേരളത്തിലെവിടെയും വെള്ളാപ്പള്ളിക്ക് കോളേജ് ലഭിക്കില്ലേ? അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ കോളേജ് തരുന്നില്ല എന്ന പരാതി വെള്ളാപള്ളിക്ക് ഇല്ല? കാരണം ഒന്നേ ഒള്ളൂ കേരളത്തിലെ മനുഷ്യരെ വര്‍ഗ്ഗീയമായി വിഭജിച്ച് പിണറായി വിജയന് മൂന്നാമൂഴം നല്‍കാനുള്ള ജോലിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചെയ്യുന്നത്. കേരളം ചര്‍ച്ചചെയ്യുന്ന ആര്‍.എസ്.എസ് – സിപിഎം ഡീലിന്റെ കോര്‍കമ്മിറ്റി നേതാക്കളാണ് ഇവരെല്ലാം. സര്‍ക്കാറിന്റെയും വെള്ളാപ്പള്ളിയുടെയും എല്ലാ മുഖമൂടിയും അഴിഞ്ഞ് വീണിരിക്കുന്നു. ഇനിയും ഒരു കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോ? എന്ന് നവാസ് കുറിച്ചു.