ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് സ്വയം വിശേഷിപ്പിക്കുകയും ഫാസിസത്തിനെതിരെ വാചാലരാവുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍, ഭരണകൂട ഭീകരതയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന്റെ്‌റെ പേരില്‍ കലാകാരന്മാര്‍ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്. വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും സഹിഷ്ണുതയോടെ നേരിടേണ്ട സര്‍ക്കാര്‍, സംഘ്പരിവാര്‍ മാതൃകയില്‍ പൊലീസിനെ ഉപയോഗിച്ച് വായമൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും സാംസ്‌കാരിക കേരളത്തിന് അപമാനകരവുമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകള്‍ക്ക് വില ക്കേര്‍പ്പെടുത്തിയപ്പോഴും കലാകാരന്മാര്‍ വേട്ടയാടപ്പെട്ടപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ആദര്‍ശ പ്രസംഗം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നാല്‍ അതേ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഇന്ന് പാരഡി പാട്ടുകള്‍ക്കെതിരെ പോലും കേസെടുത്ത് കലാകാരന്മാരെ വേട്ടയാടുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഈ സര്‍ക്കാരും സംഘ്പരിവാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?
ഒരു കലാസൃഷ്ടി പുറത്തുവരുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം, അത് നിര്‍മ്മിച്ച വ്യക്തിയുടെ ജാതിയും മതവും തിരഞ്ഞുപോവുന്ന പൊലീസ് നടപടി അപകടകരമായ സൂചനയാണ് നല്‍കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസംഗവേദികളിലും പ്രചാരണ ജാഥകളിലും പാരഡി ഗാനങ്ങള്‍ പുതിയ കാര്യമല്ല. ഇതേ പാട്ടുതന്നെ സി.പി.എമ്മും ബി.ജെപിയും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, ഇപ്പോള്‍ ഒരു പാട്ടിന് മാത്രം കേസെടുക്കുന്നത് ശുദ്ധമായ വിവേചനമാണ്. അധികാരം കയ്യിലുള്ളപ്പോള്‍ എന്തിനെയും അടിച്ചമര്‍ത്താം എന്ന ധിക്കാരമാണ് ഇവിടെ പ്രകടമാകുന്നത്. പാര്‍ട്ടി വേദികളില്‍ മുഴങ്ങുന്ന പരിഹാസ ഗാനങ്ങള്‍ക്ക് നിയമ പരിരക്ഷയും എതിര്‍ പാര്‍ട്ടിക്കാരുടെ ആവിഷ്‌കാരങ്ങള്‍ക്ക് പൊലീസിന്റെ വിലങ്ങും എന്ന നയം ജനാധിപത്യ വിരുദ്ധമാണ്. തങ്ങള്‍ക്ക് അനുകൂല മാകുമ്പോള്‍ വിപ്ലവകരമെന്നും പ്രതികൂലമാകുമ്പോള്‍ വര്‍ഗീയമെന്നും മുദ്രകുത്തുന്ന ഈ രീതി ഫാസിസത്തിന്റെ മറ്റൊരു പതിപ്പാണ്.
അയ്യപ്പന്റെ സ്വര്‍ണ്ണം തട്ടിയ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍, പാരഡി ഗാനത്തിന്റെ പേരില്‍ കലാകാരന്റെ ജാതിയും മതവും തിരയുന്നത് ദുരൂഹമാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. സി.പി.എമ്മിനും ബി.ജെ.പിക്കും അനുവദിക്കപ്പെട്ട അതേ സ്വാതന്ത്ര്യം മറ്റ് പാര്‍ട്ടികള്‍ക്കുമുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നത് സാംസ്‌കാരിക കേരളത്തിന് നല്‍കുന്ന സന്ദേശം വളരെ മോശമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയങ്ങളും രാഷ്ട്രീയ തിരിച്ചടികളും സര്‍ക്കാരിനെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം വൈരാഗ്യബുദ്ധിയോടെയുള്ള നീക്കങ്ങള്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ ഭരണകൂടം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, പാരഡി ഗാനങ്ങളെ ഭയപ്പെടുന്നത് അപഹാസ്യമാണ്. ‘സ്വര്‍ണ്ണം കട്ടതാണോ പാരഡി പാടിയതാണോ വലിയ കുറ്റം?’ എന്ന ചോദ്യം ഇന്ന് ഓരോ കേരളീയനും ചോദിക്കുന്നുണ്ട്. ഒരു മതവികാരത്തെയും വ്രണപ്പെടുത്താതെ, രാഷ്ട്രീയ വിമര്‍ശനം മാത്രം ലക്ഷ്യം വെച്ചുള്ള കലാരൂപങ്ങളെ പോലും അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റ് ഭരണത്തിന് ചേര്‍ന്നതല്ല.
പാരഡി ഗാനത്തിന്റെറെ പേരില്‍ കേസെടുക്കുന്ന നടപടി പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ അസഹിഷ്ണുതയുടെ പരകോടിയാണ്. ചരിത്രത്തില്‍ ഈ നടപടി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറ്റവും വലിയ വീഴ്ചയായി അടയാളപ്പെടുത്തപ്പെടും. ഈ ഇരട്ടനീതി അവസാനിപ്പിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴി മാറുമെന്നതില്‍ സംശയമില്ല. സാംസ്‌കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ഇതൊരു കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ പൊലീസിനെ അയക്കുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആവിഷ്‌കാര സ്വാതന്ത്യ്രത്തിന് മേലുള്ള ഈ കടന്നുകയറ്റം ഉടന്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കലയെയും കലാകാരനെയും ഭയപ്പെടുന്ന ഭരണകൂടം തകരുന്നത് സ്വന്തം അസഹിഷ്ണുതയുടെ ഭാരം കൊണ്ടായിരിക്കും. ഈ കേസ് പിന്‍വലിക്കാനും ജനാധിപത്യ മര്യാദകള്‍ പാലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.