ജനീവ: ഇന്ത്യയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസ്. രണ്ടാം കോവിഡ് തരംഗത്തില്‍ മരണ നിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നേക്കാമെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് മുന്നറിയിപ്പ് നല്‍കി. ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ ആശങ്കാജനകമാംവിധം രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി.

കുട്ടികള്‍ക്ക് നല്‍കാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സീന്‍ ദരിദ്രരാജ്യങ്ങള്‍ക്ക് കൊടുക്കണമെന്നും സമ്പന്ന രാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതു പോലെ വാക്‌സീന്‍ അസമത്വം സംഭവിച്ചുവെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും നല്‍കാന്‍ നിലവില്‍ വാക്‌സീന്‍ ഇല്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.