യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനു പിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്‌സാപ്പ് ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു.

അതിന്റെ ഭാഗമായി പുതിയ സംവിധാനവും അവതരിപ്പിച്ചു.ബിസിനസ് പേരിന് അടുത്തായി സ്‌റ്റോര്‍ഫ്രണ്ട് ഐക്കണ്‍ ഉപഭോക്താക്കള്‍ക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നല്‍കുന്ന സേവനങ്ങളുടെയും വിവരങ്ങള്‍ അറിയാനും അതിലൂടെ കഴിയും.

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്‌സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചു.

വാട്ട്‌സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേര്‍ ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേര്‍ ഓരോ മാസവും ബിസിനസ് കാറ്റ്‌ലോഗുകള്‍ കാണുന്നുമുണ്ട്. ഇന്ത്യയില്‍ ഇത് 30ലക്ഷത്തിലധികമാണ്.