വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്കായി വീഡിയോ, ഓഡിയോ കോളിങ് സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വാബീറ്റാ ഇന്‍ഫോയാണ് വാട്‌സാപ്പ് ഇങ്ങനെ ഒരു ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ 2.2043.7 ബീറ്റാ അപ്‌ഡേറ്റിലാണ് വീഡിയോ ഓഡിയോ കോളിങ് സൗകര്യമുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കിയേക്കുമെന്നും വാബീറ്റാ ഇന്‍ഫോ പറയുന്നു.

ഒരാളെ വിളിക്കുമ്പോള്‍ കോള്‍ സ്റ്റാറ്റസ് കാണിക്കുന്ന പ്രത്യേക വിന്‍ഡോ പ്രത്യക്ഷപ്പെടും. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനും ഗ്രൂപ്പ് ഓഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും വാബീറ്റ ഇന്‍ഫോ പറയുന്നു.

നിലവില്‍ വീഡിയോ കോളുകള്‍ക്കായി മെസഞ്ചര്‍ റൂംസ് ലിങ്ക് വാട്‌സാപ്പ് വെബ്ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാട്‌സാപ്പ് വെബില്‍ വീഡിയോ കോള്‍ സൗകര്യം ഉള്‍പ്പെടുത്തുന്നതോടെ ചിലപ്പോള്‍ മെസഞ്ചര്‍ റൂംസ് ഒഴിവാക്കിയേക്കാം.