india

ഗുജറാത്തില്‍ ഇല്ലാത്ത മദ്യവില്‍പന എന്തിന് ലക്ഷദ്വീപില്‍? വിമര്‍ശിച്ച് ഐഷ സുല്‍ത്താന

By webdesk13

August 08, 2023

ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയ സാഹചര്യത്തില്‍, സമൂഹമാധ്യമത്തിലാണ് ഐഷ അഭിപ്രായം രേഖപ്പെടുത്തിയത്. ഗുജറാത്ത് പോലെ പൂര്‍ണ മദ്യനിരോധനമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ് ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണെന്നും ഐഷ പറഞ്ഞു.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്

”ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കണോ എന്നതിനെപ്പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സര്‍ക്കാര്‍. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ല എന്നുതന്നെയാണ് ജനങ്ങളുടെ അഭിപ്രായം. മദ്യത്തിനു പൂര്‍ണനിരോധനമുള്ള സ്ഥലമാണ് ഗുജറാത്ത് അല്ലെ. അതേപോലെ മദ്യം പൂര്‍ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്. നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങ്ങളുടെ ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ കോളജാണ്, ഡോക്ടര്‍മാരെയാണ്, മരുന്നുകളാണ്. വിദ്യാര്‍ഥികള്‍ക്ക് കോളജും സ്‌കൂളുകളിലേക്ക് ടീച്ചര്‍മാരെയുമാണ്. മഴ പെയ്താല്‍ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറന്റുകളാണ്, മത്സ്യബന്ധന തൊഴിലാളികള്‍ക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാന്റുകളുമാണ്.

ജനങ്ങള്‍ക്ക് യാത്രാസൗകര്യം കൂട്ടിക്കൊണ്ടുള്ള കപ്പലുകളാണ്. ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന കപ്പലുകള്‍ക്ക് എന്‍ജിന്‍ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്. ഇക്കണക്കിനു പോയാല്‍ 20 വര്‍ഷം ഓടേണ്ട കപ്പല്‍ 10 വര്‍ഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ടുവരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്. ഇതൊക്കെയാണ് ഞങ്ങള്‍ ജനങ്ങളുടെ ആവശ്യം. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?”