പയ്യന്നൂര്‍: ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിച്ചുകൊമ്ടിരിക്കുകയാണ്. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ വെള്ളി (80), ലീല (70) എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആറളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ആറളം ഫാമില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വന്യജീവി ശല്യത്തിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. 13ാം ബ്ലോക്ക് കരിക്കിന്‍മുക്ക് ആര്‍.ആര്‍.ടി ഓഫിസിന് സമീപമാണ് ഇരുവരും കാട്ടാനക്കലിക്ക് ഇരയായത്. മൃതദേഹങ്ങള്‍ കാട്ടാന ചവിട്ടിയരച്ചനിലയിലായിരുന്നു. ഏറെവൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കള്‍ തേടിയിറങ്ങിയപ്പോഴാണ് ദമ്പതികളുടെ ജീവന്‍ പൊലിഞ്ഞ വിവരം പുറംലോകമറിഞ്ഞത്.