india

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു

By webdesk18

October 13, 2025

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം. സംഭവത്തില്‍ മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. വാട്ടര്‍ഫാള്‍ എസ്‌റ്റേറ്റില്‍ കാടര്‍പ്പാറക്ക് സമീപം ഉണ്ടായ കാട്ടാന ആക്രമണത്തില്‍ 55കാരി അസല, മൂന്ന് വയസുള്ള ഹേമാഹ്രി എന്നിവരാണ് മരിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ വാതില്‍ തകര്‍ത്ത് അകത്തുകയറി ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55കാരിയായ അസലയെയും ആക്രമിക്കുകയുമായിരുന്നു. വനപാലകരെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്ന വനം പ്രദേശമാണ് വാല്‍പ്പാറ. മൂന്ന് വീടുകള്‍ മാത്രമാണ് ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സംഘം ചേര്‍ന്നുള്ള പ്രതിരോധമൊന്നും സാധ്യമായിരുന്നില്ല.