കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിൽ കാട്ടാനയുടെ അപ്രതീക്ഷിത കടന്നുകയറ്റം ജനങ്ങളിൽ ഭീതിയുണർത്തി. ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാൻ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേൽ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്ത് എത്തിയത്. തുടർന്ന് വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിലൂടെ പകൽ മുഴുവൻ ആന സഞ്ചരിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
നാട്ടുകാരും വനപാലകരും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഗുരുതരമായി. ഇതിനിടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തന്നെ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു.
സാഹചര്യം വിലയിരുത്തിയ ജില്ലാ കലക്ടർ അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇന്ന് പുലർച്ചെയോടെ ആനയെ വനത്തിലേക്ക് തുരത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം ജയ്‌സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിൻസ് മാത്യു, മനോജ് എം. കണ്ടത്തിൽ, പഞ്ചായത്തംഗം ബിന്ദു ഷാജി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആന ഉൾക്കാട്ടിലേക്കു മടങ്ങിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആന വീണ്ടും കാടിറങ്ങാതിരിക്കാൻ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.