വര്‍ഗീയതയെ ഒരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എമ്മിന്റെ വര്‍ഗീയ നറേറ്റീവ് കേരളത്തില്‍ പൊളിച്ചടുക്കുമെന്നും ഇത് മതേതര കേരളമാണെന്ന് വരുന്ന തെരഞ്ഞെടുപ്പോടെ കേരളം തെളിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വരാനിരിക്കുന്ന കേരളത്തിന് വേണ്ടി കൂടിയാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മതേതര കേരളത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആരുടെ മുന്നിലും തലകുനിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇത് ആദ്യം പറഞ്ഞതെന്നും നേരത്തെ മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് ലഘുവിവരണം നല്‍കിയെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവനയും നമ്മള്‍ കേട്ടതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമര്‍ശമാണ് മന്ത്രി സജി ചെറിയാന്‍ നടത്തിയത്. രണ്ട് ജില്ലകളില്‍ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാന്‍ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. മന്ത്രിയെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആളുകളെയും മതങ്ങളെയും ജാതികളെയും ഭിന്നിപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന അതേ വഴിയിലൂടെയാണ് സി.പി.എം യാത്ര ചെയ്യുന്നത്. പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.