ന്യൂഡല്‍ഹി: സ്ത്രീകളെ ഉപയോഗിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി എംപി വരുണ്‍ഗാന്ധി. ആരോപണം ഒരു ശതമാനം തെളിയിക്കാനായാല്‍ താന്‍ രാജിവെക്കുമെന്ന് വരുണ്‍ഗാന്ധി പറഞ്ഞു. ആരോപണം കെട്ടിചമച്ചതാണെന്നും താന്‍ അത്തരത്തില്‍ രാജ്യസുരക്ഷക്കു ഭീഷണിയാകുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും വരുണ്‍ഗാന്ധി പറഞ്ഞു. അസംബന്ധമായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കേണ്ട കാര്യം തനിക്കില്ലെന്നും ആരോപണം തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദ ആയുധവില്‍പ്പനക്കാരന്‍ അഭിഷേക് വര്‍മ
വിവാദ ആയുധവില്‍പ്പനക്കാരന്‍ അഭിഷേക് വര്‍മ

അഭിഭാഷകന്‍ സി.എഡ്മണ്ട്‌സ് അലന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലേക്ക് അയച്ച കത്തിലാണ് വരുണ്‍ഗാന്ധി പ്രതിരോധ രഹസ്യം ചോര്‍ത്തിയതായി സൂചിപ്പിക്കുന്നത്. വിദേശവനിതകള്‍ക്കൊപ്പം വരുണ്‍ സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രതിരോധ രഹസ്യങ്ങള്‍ നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്. വിവാദ ആയുധ വില്‍പനക്കാരന്‍ അഭിഷേക് വര്‍മക്കാണ് സുപ്രധാന വിവരങ്ങള്‍ കൈമാറിയതെന്നാണ് ആരോപണം. പ്രതിരോധ രഹസ്യങ്ങള്‍ക്കു പുറമെ ആയുധവ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങളും നല്‍കിയതായാണ് വിവരം.

അഭിഭാഷകന്‍ സി.എഡ്മണ്ട്‌സ് അലന്‍

സെപ്തംബര്‍ 16നാണ് അലന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. നേരത്തെ താനും അഭിഷേകും ബിസിനസ് പങ്കാളികളായിരുന്നുവെന്നും ആ സമയത്ത് അഭിഷേക് വര്‍മ തന്നോട് നേരിട്ട് പറഞ്ഞതാണിതെന്നും അലന്‍ പറയുന്നു. നിരവധി കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഭിഷേകിനെതിരെ മുമ്പും നിര്‍ണായക തെളിവുകള്‍ അലന്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.