kerala

ബിജെപി മുന്നണിയിൽ ചേർന്ന ജെ.ഡി.എസിനെ പുറത്താക്കാൻ എൽ.ഡി.എഫ് തയാറാകുമോ? സി.പി.എമ്മിന്റെ സംഘപരിവാർ വിരുദ്ധത ഇരട്ടത്താപ്പ്

By webdesk13

September 23, 2023

തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ കോൺഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തിൽ അംഗീകരിച്ച പാർട്ടിയാണ് ജെ.ഡി.എസ്. അതേ ജെ.ഡി.എസ് ഇന്ന് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഭാഗമാണ്. കേരളത്തിലാകട്ടെ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിലെ ഘടകകക്ഷിയാണ് ജെ.ഡി.എസ്. ഇത് കൂടാതെ ജെ.ഡി.എസ് പ്രതിനിധി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമാണ്. ബി.ജെ.പി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന സി.പി.എമ്മിനും ഇടത് മുന്നണിക്കും ഇപ്പോൾ എന്ത് പറയാനുണ്ട് ?

ബി.ജെ.പി വിരുദ്ധ നിലപാടിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ജെ.ഡി.എസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ സി.പി.എം തയാറാകണം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിക്കെതിരെ “ഇന്ത്യ” എന്ന വിശാല പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അതിനൊപ്പം ചേരാൻ കേരളത്തിലെ സി.പി.എമ്മിന് താത്പര്യമില്ല. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും സി.പി.എം ദേശീയ നേതൃത്വത്തെ വിലക്കാൻ പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്.

ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ നേതൃത്വം ബി.ജെ.പി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. ഒരു മാസമായി ഇതു സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിട്ടും ദേശീയ നേതൃത്വത്തെ തിരുത്താനുള്ള ഒരു സമ്മർദവും കേരള ഘടകത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജെ.ഡി.എസും സി.പി.എമ്മും എൽ.ഡി.എഫും കേരളത്തിലെ ജനങ്ങളോട് കാട്ടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.