മലപ്പുറം: ലോകത്ത് യുദ്ധക്കൊതി ഇനിയും അവസാനിച്ചിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗള്‍ഫിലെ യുദ്ധഭീതി ഭയാനകമാണെന്നും അവിടെ കഴിയുന്ന പ്രവാസികള്‍ വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും യുദ്ധത്തിനായി പോര്‍വിളിക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം; അവിടെ വീഴുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും മനുഷ്യരുടെ മതമോ രാഷ്ട്രീയമോ തിരിച്ചറിയാന്‍ കഴിയില്ല. യുദ്ധം എല്ലാവര്‍ക്കും ഒരുപോലെ നഷ്ടമാണ് വരുത്തിവെക്കുന്നത്.
നമ്മുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസികളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന അവരുടെ സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
മനുഷ്യരെ വിഭജിച്ചും പോര്‍വിളിച്ചും നാം പഴയ ഗോത്രീയതയിലേക്ക് തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം വരണമെന്നും ബോംബ് വര്‍ഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പോലും സ്വന്തം ബന്ധുക്കള്‍ അവിടെയുണ്ടെന്ന കാര്യം മറക്കുകയാണ്. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങള്‍ യുദ്ധത്തോളം തന്നെ ഭയപ്പെടുത്തുന്നതാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ. ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലെ. മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ? ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണ്. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്നിടമാണ് അവിടെ. നമ്മുടെ നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ആളപായമില്ലെന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥിക്കണം. യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. ഒന്നാലോചിച്ചാല്‍ അവിടെ ബോംബ് വര്‍ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ പോലും അവിടെയുണ്ടെന്ന് മനസ്സിലാകും. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്. ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാമനസ്സുകള്‍ക്കും സര്‍വ്വശക്തന്‍ സമാധാനം നല്‍കട്ടെ.