Sports

ജയിച്ചാല്‍ പോരാ,വമ്പന്‍ വിജയം നിര്‍ബന്ധം; ഇന്ത്യ ഇന്ന് സിംബാബ് വെക്കെതിരെ

By Akhila

February 26, 2026

അഷ്‌റഫ് തൈവളപ്പ്

ഇന്നാണ് ആ മല്‍സരം. ഇന്ത്യ എന്ന ആതിഥേയര്‍ക്ക് നിലനില്‍പ്പിന്റെ ലോകകപ്പ് അങ്കം. സിംബാബ് വെ എന്ന പോരാളികള്‍ക്കും ലോകകപ്പിലെ സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധഘടകം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ വലിയ അങ്കത്തിന് സാക്ഷിയാവുന്നത് ചെപ്പോക്ക് സ്റ്റേഡിയം. ലോകകപ്പില്‍ ഗംഭീര തുടക്കം സ്വന്തമാക്കിയ ശേഷം സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തകര്‍ന്നതാണ് ഇന്ത്യക്ക് വിനയായത്. അതിനൊപ്പം തന്നെ ഇതേ ഗ്രൂപ്പില്‍ വിന്‍ഡീസ് സിംബാബ്വെയെ തരിപ്പണമാക്കിയതോടെ റണ്‍റേറ്റും ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുന്നു. അതിനാല്‍ തന്നെ വലിയ വിജയം മാത്രമാണ് സുര്യകുമാര്‍ യാദവിന്റെ സംഘത്തെ സഹായിക്കുക. വലിയ ചോദ്യം ഇന്ത്യന്‍ ടീമിലെ മാറ്റത്തെക്കുറിച്ചാണ്. വിജയ സംഘത്തെ നിലനിര്‍ത്തുക എന്ന പതിവ് തീരുമാനത്തിലാണ് ദക്ഷിണാഫ്രിക്കയോട് വലിയ തോല്‍വി രുചിച്ചത്. അതിനാല്‍ തന്നെ ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുമെന്നാണ് കരുതപ്പെടുന്നത്. സിംബാബ് വെ ലോകകപ്പില്‍ രണ്ട് വലിയ അട്ടിമറികള്‍ നടത്തിയവരാണ്. ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച അവരുടെ സംഘത്തില്‍ നായകന്‍ സിക്കന്തര്‍ റാസ ഉള്‍പ്പെടെ ഏത് സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരായ കളിക്കാരുണ്ട്.

സാധ്യത

സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് കൂറ്റന്‍ മാര്‍ജിനില്‍ തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. ഇന്ന് രണ്ടാം മല്‍സരത്തില്‍ ഇന്ത്യ സിംബാബ് വെക്കെതിരെ ഇറങ്ങുമ്പോള്‍ സെമി സാധ്യതകള്‍ ഇപ്രകാരം

*ഇന്ന് സിംബാബ് വെക്കെതിരെ വിജയിക്കുക. വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ നെറ്റ് റണ്‍റേറ്റ് ഉയരും. നിലവില്‍ അത് മൈനസാണ്

*സൂപ്പര്‍ എട്ടിലെ അവസാന മല്‍സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് നാല് പോയിന്റാവും. സെമി ഫൈനലിന് തടസമില്ല.

*ദക്ഷിണാഫ്രിക്കക്ക് രണ്ട് മല്‍സരങ്ങള്‍ ബാക്കിയുണ്ട്. അവര്‍ ഇന്ന് വിന്‍ഡീസുമായി കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക അവരുടെ രണ്ട് മല്‍സരങ്ങളും വിജയിക്കുന്നപക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. എന്നാല്‍ ആദ്യ മല്‍സരത്തില്‍ വിജയിച്ച വിന്‍ഡീസ് ഇന്ന് ജയിക്കുന്ന പക്ഷം ഇന്ത്യക്കുളള സമ്മര്‍ദ്ദം വര്‍ധിക്കും. ഇന്ന് വിന്‍ഡീസ് വിജയിക്കുന്നപക്ഷം അവര്‍ക്ക് നാല് പോയിന്റാവും.

ഇന്ന് ഇന്ത്യ സിംബാബ്വെയെ തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്ക വിന്‍ഡീസിനോട് തോല്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങള്‍ നിര്‍ണായകമാവും. മൂന്ന് ടീമുകള്‍ക്ക് നാല് പോയിന്റ് വീതം സംജാതമാവുന്ന സാഹചര്യമുണ്ടായാല്‍ റണ്‍റേറ്റ് പ്രധാനമാവും. റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യക്കുളള സാധ്യതാ വഴികള്‍ ഇപ്രകതാരം.

ഉദാഹരണത്തിന് ഇന്ന് ഇന്ത്യ സിംബാബ്വെയെ 60 റണ്‍സിന് തോല്‍പ്പിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 180 റണ്‍സ് നേടിയതിന് ശേഷമാണ് ഈ വിജയമെങ്കില്‍, വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാല്‍, പിന്നെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ തോല്‍പ്പിക്കുകയും ഇന്ത്യക്ക് വിന്‍ഡീസിനെ 64 റണ്‍സ് മാര്‍ജിനിലെങ്കിലും തോല്‍പ്പിക്കാനവുകയും ചെയ്താല്‍ ഇന്ത്യക്ക് സെമി സാധ്യതയുണ്ട്. നെറ്റ് റണ്‍ റേറ്റ് ഉയരും. ദക്ഷിണാഫ്രിക്കയോ, വിന്‍ഡീസോ അവരുടെ മൂന്ന് സൂപ്പര്‍ എട്ട് മല്‍സരങ്ങളും ജയിക്കുന്നപക്ഷം ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഇന്ത്യ ഒരു മല്‍സരം ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ റണ്‍റേറ്റാവും നിശ്ചയിക്കുക.

ജനപ്രിയന്‍ സഞ്ജു ചേട്ടാ,വരൂ..

ചെന്നൈ: ഇന്ത്യന്‍ ഇലവനില്‍ ഇന്ന് സഞ്ജു സാംസണ്‍ സ്ഥാനമുറപ്പാക്കി. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സഞ്ജുവിനാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ അദ്ദേഹം ഓപ്പണര്‍ സ്ഥാനത്തോ അല്ലെങ്കില്‍ വണ്‍ ഡൗണ്‍ സ്ഥാനത്തോ കളിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിലെ വലിയ പരാജയ കാരണമായത് ഇടം കൈയ്യന്മാരുടെ ബാറ്റിംഗ് നിരയിലെ ആധിപത്യമായിരുന്നു. ഇത് കാരണം പ്രതിയോഗികള്‍ക്ക് ബാറ്റര്‍മാരെ നിയന്ത്രിക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു. സഞ്ജു വലം കൈയ്യനായതിനാല്‍ ഓപ്പണര്‍ സ്ഥാനത്ത് അദ്ദേഹം വന്നാല്‍ ഇഷാന്‍ കിഷനൊപ്പം ഇടം-വലം കോമ്പിനേഷനായി മാറും. തിലക് വര്‍മയാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍. ഇഷാനൊപ്പം അഭിഷേക് ശര്‍മക്ക് തന്നെ അവസരം നല്‍കിയാല്‍ മൂന്നാം നമ്പറില്‍ വലം കൈയ്യനായ സഞ്ജുവിന് അവസരം നല്‍കാനും നീക്കമുണ്ട്. അക്സര്‍ പട്ടേല്‍ ആദ്യ ഇലവനിലേക്ക് വരുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താവും. ചെപ്പോക്കിലെ ട്രാക്ക് സ്പിന്നിനെ അനുകുലിക്കുന്നതിനാല്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അര്‍ഷദിപ് സിംഗ് പുറത്താവും. പരിശീലന വേളകളില്‍ ജനപ്രിയനായ സഞ്ജുവിനൊപ്പമായിരുന്നു ഫാന്‍സ്.

റാസ സംഘത്തെ സൂക്ഷിക്കണം

ചെന്നൈ: ആന്‍ഡി ഫ്ളവര്‍, ഹീത്ത് സ്ട്രീക്ക്, ഹെന്‍ട്രി ഒലോങ്ക…. ക്രിക്കറ്റ് ലോകം മറക്കാത്ത സിംബാബ്വേ കളിക്കാര്‍. 90-കളുടെ മധ്യത്തില്‍ ഈ നാമങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമായിരുന്നെങ്കില്‍ ഇവര്‍ക്ക് ശേഷം സിംബാബ്വെ ക്രിക്കറ്റ് ആഭ്യന്തര പ്രശ്നങ്ങളില്‍ ആടിയുലഞ്ഞു. 90-കളുടെ അവസാനത്തില്‍ ഇന്ത്യക്കും പാക്കിസ്താനുമെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു ഇവര്‍. 99-ലെ ലോകകപ്പില്‍ ചുവന്ന യുനിഫോമില്‍ ഇവര്‍ നടത്തി അട്ടിമറികളില്‍ വമ്പന്മാര്‍ വിറച്ചു. സൂപ്പര്‍ സിക്സ് ഘട്ടത്തില്‍ പ്രവേശിച്ച അവര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2003 ലെ ലോകകപ്പിന് ദക്ഷിണാഫ്രിക്ക, കെനിയ എന്നിവര്‍ക്കൊപ്പം സംയുക്തമായി ആതിഥേയത്വം വഹിച്ചവര്‍ സിംബാബ്വെയായിരുന്നു. പക്ഷേ റോബര്‍ട്ട് മുകാബേ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് അന്ന് ആന്‍ഡി ഫ്ളവറും ഒലോങ്കയും കറുത്ത ആം ബാന്‍ഡ് ധരിച്ചത് വലിയ വിവാദമായി.

തുടര്‍ന്ന് കണ്ടത് സിംബാബ്വേ ടീം സെലക്ഷനില്‍ ഉള്‍പ്പെടെ ഭരണക്കൂടത്തിന്റെ ഇടപെടലായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 14 സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റ് വിട്ടു. പിന്നെ കണ്ടത് തകര്‍ച്ചകളായിരുന്നു. 2006 ന് ശേഷം കണ്ടത് രാജ്യാന്തര വേദികളില്‍ സിംബാബ്വെ ടീം തകരുന്നതായിരുന്നു. മുഖ്യ വേദികളില്‍ നിന്നെല്ലാം അവര്‍ അകന്നു. തദേന്‍ഡ ടായിബുവിനെ പോലുളള താരങ്ങള്‍ മാത്രം മൈതാനത്ത് മിന്നി. പിന്നീട് സിംബാബ്വെയെ കണ്ടത് 2011 ലായിരുന്നു. ബംഗ്ലാദേശിനെതിരെ വിജയം നേടി. അതിന് ശേഷവും മല്‍സര രംഗത്ത് അവരുണ്ടായിരുന്നു. പക്ഷേ വിജയഗാഥകള്‍ കുറവായിരുന്നു. എന്നാലിപ്പോഴിതാ യുവതാരങ്ങളുടെ കരുത്തില്‍ സിംബാബ്വെക്കാര്‍ തിരികെ വരുന്നു.

ഇപ്പോള്‍ പുരോഗമിക്കുന്ന ടി-20 ലോകകപ്പില്‍ രണ്ട് തകര്‍പ്പന്‍ വിജയങ്ങളാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ഓസ്ട്രേലിയക്കെതിരായ തകര്‍പ്പന്‍ വിജയം. നിരവധി തവണ ലോകകപ്പ് ഉയര്‍ത്തിയവരാണ് ഓസ്ട്രേലിയക്കാര്‍. അവര്‍ക്കെതിരെയായിരുന്നു വിജയം. പിന്നെ ആതിഥേയരായ ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം. രണ്ട് വലിയ വിജയങ്ങള്‍ മാത്രമായിരുന്നില്ല ടീമിന്റെ ശക്തി. കൂറെ മികച്ച താരങ്ങള്‍. ആധികാരിക പ്രകടനങ്ങള്‍. സിക്കന്തര്‍ റാസ എന്ന മികച്ച കപ്പിത്താന്‍. പാക്കിസ്താന്‍കാരനായിരുന്നു റാസ. അവിടെ നിന്നും അദ്ദേഹം സിംബാബ്വെയിലെത്തുന്നു. ഫൈറ്റര്‍ പൈലറ്റായി ജിവിതം തുടങ്ങിയ റാസ 2002 മുതല്‍ സജീവ ക്രിക്കറ്റിലേക്ക് വരുന്നു. 2022 ലെ ടി-20 ലോകകപ്പില്‍ മൂന്ന് മല്‍സരങ്ങളില്‍ അദ്ദേഹം കളിയിലെ കേമനായി മാറി.

ഗാംബിയക്കെതിരായ മല്‍സരത്തില്‍ സിംബാബ്വെ നാല് വിക്കറ്റിന് 344 റണ്‍സ് നേടിയപ്പോള്‍ 133 റണ്‍സായിരുന്നു റാസയുടെ സമ്പാദ്യം. അതും കേവലം 43 പന്തില്‍ നിന്ന്. 2023 ല്‍ നെതര്‍ലന്‍ഡ്സിനെതിരെ റാസ 54 പന്തില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കി. ഇത്തവണ ഇന്ത്യയിലും ലങ്കയിലുമായി ലോകകപ്പ് നടക്കുമ്പോള്‍ സിംബാബ്വേ ടീമിനൊപ്പം അവരുടെ ഫാന്‍സുമുണ്ടായിരുന്നു. ഇത്തവണ ടീമിന് നല്ല പ്രതീക്ഷയുണ്ട്. അത് കൊണ്ടാണ് ഫാന്‍സ് ടീമിനൊപ്പം ചേര്‍ന്നതെന്നാണ് നായകന്‍ പറയുന്നത്. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട് തകര്‍ന്നു പോയ സിംബാബ്വെക്കാര്‍ ഇന്ന് ഇന്ത്യക്കെതിരെയാണ് ഇറങ്ങുന്നത്. എല്ലാം മറന്ന് വിജയത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് റാസ വ്യക്തമാക്കുന്നത്.