സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിയൊടിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠിച്ച പണി പതിനെട്ടുപയറ്റിയും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയും ഇടതുപ ക്ഷവും ഒടുവില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പുറത്താണ്. പാര്‍ലമെന്റില്‍ കേരള വിരുദ്ധമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ക്ക് വല്ലാത്ത ആവേശമാണെന്നാണ് പിണറായി വിജയന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍.
സംസ്ഥാന സര്‍ക്കാറിന്റെ അതിദാരിദ്ര്യമുക്തപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളില്‍ വ്യക്തതവരുത്താന്‍വേണ്ടി കേരള എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ അന്തര്‍ധാര യുടെ തെളിവുകള്‍ പാര്‍ലമെന്റ്‌റിലൂടെ കൂടുതല്‍ പുറത്തു വരുമോയെന്ന ആശങ്കയാണ് ഈ ആരോപണത്തിന്റെ പിന്നിലെന്നത് സുവ്യക്തമാണ്. പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നല്‍കിയ വിശദീകരണം ചോദ്യകര്‍ത്താവ് ജോണ്‍ബ്രിട്ടാസ് എം.പിക്ക് സ്വയം കുഴിച്ച കുഴിയായിരുന്നെങ്കില്‍ സര്‍ക്കാറിനും സി.പി.എമ്മിനും അത് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു. പി.എം ശ്രീയ പദ്ധതി നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് ലഭ്യമാകുമോ എന്ന ബ്രിട്ടാസിന്റെ ചേദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ ഉത്തരം ‘കേരളം പി.എം ശ്രിയില്‍ ഒപ്പു വെക്കാന്‍ സന്നദ്ധമായത് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ രാഷ്ട്രീയകാരണങ്ങളാണ് ഇപ്പോള്‍ പിറകോട്ടുപോയതെന്നും ഇക്കാര്യത്തില്‍ എന്റെ സുഹൃത്ത് ബ്രിട്ടാസിന്റെ ശ്രമങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും’ ആയിരുന്നു.
മന്ത്രി സഭയിലെ സഹപ്രവര്‍ത്തകരോ, മുന്നണിയിലെ ഘടക കക്ഷികളോ പോലും അറിയാതെ ഡല്‍ഹിയിലെത്തി മുഖ്യമന്ത്രിമാരും കേന്ദ്ര സര്‍ക്കാരും നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെക്കൊണ്ട് പദ്ധതിയില്‍ ഒപ്പുവെപ്പിച്ചത്. എന്നാല്‍ ഇത് പുറത്താവുകയും മുന്നണിയില്‍നിന്ന്‌പോലും ഉയര്‍ന്ന കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ പതിവു ശൈലിയില്‍ യുടേണടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യവും കേന്ദ്രമന്ത്രിയുടെ മറുപ ടിയും ഇടിത്തീ പോലെ സംസ്ഥാന സര്‍ക്കാറിന്റെ തലയില്‍ പതിച്ചത്. ഈ ഘട്ടത്തിലാണ് പാര്‍ലമെന്റില്‍ കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടിക്കണ്ട് പിണറായി വിജയന്‍ ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.
അതിദാരിദ്ര്യമുക്തകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലുയരുന്ന ചോദ്യങ്ങളും അതിന് ലഭിക്കുന്ന മറുപടിയും പിണറായി സര്‍ക്കാറിന്‍നെ ഞ്ചിടിപ്പ് വര്‍ധിപ്പിക്കാന്‍ പര്യാപ്തംതന്നെയാണ്. പ്രസ്തുത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അത്രമേല്‍ തെറ്റിദ്ധാര ണാജനകമായ നീക്കമാണ് നടത്തിയിരിക്കുന്നത് എന്നതു തന്നെയാണ് അതിനുള്ള കാരണം. ഇലക്ഷന്‍സ്റ്റണ്ടായി തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചുനടത്തിയിട്ടുള്ള ഈ പ്രഖ്യാപനം അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഉത്തമബോധ്യം ഈ സര്‍ക്കാറിനുതന്നെയുണ്ടെന്നതാണ് വാസ്തവം. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത മാക്കിയെന്ന പ്രഖ്യാപനത്തില്‍ ഈ സര്‍ക്കാര്‍ പരിഗണിച്ചത് 64,000 ത്തോളം പേരെ മാത്രമാണ്. എന്നാല്‍ മഞ്ഞ റേഷന്‍ കാര്‍ഡുകളുടെ ഗുണഭോക്താക്കള്‍ മാത്രം സംസ്ഥാനത്ത് 5.91 ലക്ഷം പേരുണ്ട്.
സര്‍ക്കാറിന്റെ തട്ടിപ്പുപ്രഖ്യാപനത്തിന്റെ പേരില്‍ അന്ത്യോദയം അന്നയോജന വി ഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കപ്പെടുമോയെ ന്ന ചോദ്യം, പിണറായി വിജയന് താല്‍പര്യമില്ലെങ്കിലും കേരളത്തിലെ അഞ്ചുലക്ഷത്തോളംവരുന്ന പാവപ്പെട്ടവരുടെ ആശങ്കയാണ്. അതു ചോദിക്കുന്നതിനെ കേരള വിരുദ്ധതയല്ല, ഈ സര്‍ക്കാറിന്റെ ജനവഞ്ചനയെ തുറന്നുകാണിക്കുകയാണെന്നത് മുഖ്യമന്തിക്കും കൂട്ടര്‍ക്കും ബോധ്യമാകില്ലെങ്കിലും ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് കൃത്യമായി മനസ്സിലാകും. പ്രഖ്യാപന പെരുമഴകളും വിവാദങ്ങളുമല്ല, ഭരണകൂടങ്ങളുടെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാവിഷയമാണെന്നത് സര്‍വര്‍ക്കും ബോധ്യമുള്ളതാണ്.
വിലക്കയറ്റവും വിവിധ സേവനങ്ങള്‍ക്കുള്ള ക്രമാതീതമായ ഫീസ് വര്‍ധനയും ശബരിമലയും ആരോഗ്യ രംഗമുള്‍പ്പെടെയുള്ള സകല മേഖലകളുടെയും തകര്‍ച്ചയുമെല്ലാം ജനങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങളാണ്. ജനങ്ങള്‍ നിശ്ചയിച്ച അജണ്ടകള്‍ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഇത്തരം ഒളിയജണ്ടകളുമായി അവയെ പ്രതിരോധിക്കാമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്.