റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയുടെ (രഘു) പാദം തൊട്ട് വന്ദിക്കുന്ന സൂര്യകുമാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകുടെ കൈയടി നേടുന്നത്. ജയത്തിന് പിന്നാലെ ഡഗ് ഔട്ടിലേക്ക് നടന്ന സൂര്യകുമാര്‍ യാദവ് നേരെ രഘുവിന്റെ അടുത്തേക്ക് ചെന്നാണ് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്. കരിയറിലെ മോശം സമയത്ത് നെറ്റ്‌സില്‍ തനിക്ക് പിന്തുണ നല്‍കിയ സ്റ്റാഫ് അംഗത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
23 ഇന്നിംഗ്സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം ആദ്യ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ പുറത്താകാതെ 82 റണ്‍സടിച്ച് ടീമിന്റെ വിജയശില്‍പിയായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ടീമിനും ആശ്വാസകരമാണ്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി തന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളിലൂടെയാണ് സൂര്യകുമാര്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടക്കത്തിലെ പുറത്തായശേഷം ഇഷാന്‍ കിഷനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് സൂര്യ ഇന്ത്യന്‍ ജയം അനായാസമാക്കിയത്.