kerala

കടയ്ക്കലില്‍ യുവതിക്ക് മര്‍ദ്ദനം; മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി

By webdesk18

November 10, 2025

കടയ്ക്കല്‍: ലോണ്‍ അടവ് വിഷയത്തില്‍ യുവതിക്ക് നേരെ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ അക്രമം നടത്തിയെന്ന പരാതിയുമായി കടയ്ക്കല്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കി.

കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്. 2023ല്‍ അശ്വതിയുടെ അമ്മ ഉഷ കടയ്ക്കല്‍ എറ്റിന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് 56,000 രൂപ ലോണെടുത്തിരുന്നു. ആഴ്ചതോറും 760 രൂപ വീതം അടവായി കൊടുക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന അടവ്. എന്നാല്‍ തുക അടയ്ക്കാനായി ഫിനാന്‍സ് ഓഫിസില്‍ എത്തിയ അശ്വതിയില്‍ നിന്ന് ജീവനക്കാര്‍ പണം വാങ്ങാന്‍ വിസമ്മതിക്കുകയും കലക്ഷന്‍ ഏജന്റുമാര്‍ എത്തുമ്പോള്‍ മാത്രമേ സ്വീകരിക്കൂ എന്നും പറഞ്ഞുവെന്നാണ് പരാതി. പിന്നീട് ഓഫിസിന് മുന്നിലെ വാക്കുതര്‍ക്കം വഷളായി വനിത ജീവനക്കാരും ചേര്‍ന്ന് അശ്വതിയെ മര്‍ദ്ദിച്ചതായി പറയുന്നു.

അക്രമത്തില്‍ അശ്വതിയുടെ കൈക്ക് പരിക്കേറ്റു. നാട്ടുക്കാര്‍ ഇടപ്പെട്ടതോടെ പൊലീസ് എത്തി അശ്വതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ താന്‍ നല്‍കിയ പരാതികത്ത് തീര്‍പ്പാക്കാനുള്ള ശ്രമം പൊലീസില്‍ നടക്കുന്നതായി അശ്വതി ആരോപിച്ചു.