Culture

ഡല്‍ഹിയില്‍ പാര്‍ക്കില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന നിലയില്‍

By chandrika

January 31, 2017

ന്യൂഡല്‍ഹി: ഡല്‍ഹി മങ്കോള്‍പുരി ഏരിയയില്‍ സ്ത്രീയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. മംഗോള്‍പുരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ, ആരതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ല് മൃതശരീരത്തിനടത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.

യുവതിയെ കല്ല് ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. അതേസമയം ആരതിയുടെ ഭര്‍ത്താവ് ഒളിവിലാണെന്നാണ് വിവരം. ഒരു മാസം മുമ്പാണ് ആരതി വിവാഹിതയായത്.

ആരതിയുടെ ഭര്‍ത്താവാണ് എന്ന് പരിചയപ്പെടുത്തിയ ഒരാളാണ് കൊലപാതക വിവരം ഫോണ്‍ വഴി പോലീസിനെ അറിയിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.