kerala

കോഴിക്കോട് ഫ്‌ലാറ്റില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയതു

By Test User

September 10, 2021

കോഴിക്കോട്: കോഴിക്കോട് യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയതതായി പരാതി. മദ്യവും മയക്കുമരുന്നും നല്‍കി കൊല്ലം സ്വദേശിനിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്്റ്റ് ചെയ്തു. ഇരുവരും അത്തോളി സ്വദേശികളാണ്. ഫഹദ്, അജ്‌നാസ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ വെച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അജ്‌നാസും യുവതിയും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമുണ്ട്. ടിക്ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതിയെ ഇരുവരും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

ഫ്‌ലാറ്റില്‍ മുമ്പ് താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളും യുവതിയെ പീഡിപ്പിച്ചു. അതിക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെ പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായി പോലീസ് അറിയിച്ചു. പ്രതികളെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുക്കും.