kerala

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു

By webdesk17

July 09, 2025

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കുന്നത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്.

ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.